തോന്നുംപോലെ ഇനി ലഗേജ് കൊണ്ടുപോവാൻ പറ്റില്ല; പരിഷ്‌ക്കാരങ്ങളുമായി റെയിൽവേ

ന്യുഡൽഹി: ട്രെയിൻ യാത്രയിൽ ഇനി ഇഷ്ടം പോലെ ലഗേജ് കൊണ്ടുപോവാൻ കഴിയില്ല, നിയന്ത്രണങ്ങൾ ഏർപ്പെടുത്താനൊരുങ്ങി റെയിൽവേ. ഓരോ ടിക്കറ്റിനും കൈയ്യിൽ കരുതാൻ കഴിയുന്ന ലഗേജിന്റെ തൂക്കവും കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് ലോക്‌സഭയിൽ അറിയിച്ചു. ഓരോ ക്ലാസിലും അനുവദീയമായതിൽ കൂടുതൽ ഭാരം കൊണ്ടുപോവുന്നതിന് നിശ്ചിത നിരക്ക് നൽകേണ്ടി വരും. നിലവിൽ നിയന്ത്രണമുണ്ടെങ്കിലും തൂക്കം നോക്കാതെയാണ് ട്രെയിൻ യാത്രക്കാർ ലഗേജ് കൊണ്ടുപോവുന്നത്. സ്‌കാനർ, തൂക്കം നോക്കാനുള്ള സംവിധാനങ്ങൾ എന്നിവ ഒരുക്കിയ ശേഷമാവും പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുക. എസി ഫസ്റ്റ് ക്ലാസിൽ 70 കിലോ ലഗേജ് സൗജന്യമായി കൊണ്ടുപോവാൻ സാധിക്കും. പണം അടച്ച് പരമാവധി 150 കിലോവരെയും കൈയ്യിൽ കരുതാം. സെക്കന്റ് എസിയിൽ 50 കിലോ ലഗേജാണ് സൗജന്യമായി കൊണ്ടുപോവാൻ സാധിക്കുക. പണം അടച്ച് 100 കിലോ വരെയും കൊണ്ടുപോവാം. തേർഡ് എസിയിൽ 40 കിലോ ലഗേജ് മാത്രമേ അനുവദിക്കുകയുള്ളു. സ്ലീപ്പർ ക്ലാസുകളിൽ 40 കിലോ ലഗേജ് സൗജന്യമായും പണമടച്ച് പരമാവധി 80 കിലോ വരെ ലഗേജും കൈയ്യിൽ കരുതാം. ജനറൽ കോച്ചുകളിൽ യാത്ര ചെയ്യുന്നവർക്ക് 35 കിലോ ഭാരമുള്ള ലഗേജാണ് അധികം പണം നൽകാതെ കൈയ്യിൽ കരുതാനാവുക. കൂടുതൽ പണം നൽകി പരമാവധി 70 കിലോ ലഗേജും കൈയ്യിൽ കരുതാം. വാണിജ്യ ആവശ്യത്തിനുള്ള വസ്തുക്കൾ യാത്രാകോച്ചിൽ കൊണ്ടുപോവാൻ അനുവദിക്കുകയില്ല. ലഗേജുകളുടെ വലിപ്പത്തിനും നിയന്ത്രണമുണ്ട്. ഒരു മീറ്റർ നീളവും 60 സെന്റിമീറ്റർ വീതി, 25 സെന്റിമീറ്റർ ഉയരം എന്നിവയാണ് പരമാവധി വലുപ്പം. ഇതിൽ കൂടുതലുള്ളവ പാഴ്‌സൽ വാഗണുകളിൽ മാത്രമേ കയറ്റാൻ അനുവദിക്കൂ.




