സ്ത്രീകളുടെ ശരീരത്തെകുറിച്ചും അവരുടെ ഭാരത്തെയും ധരിക്കുന്ന വസ്ത്രത്തെയും ലിപ്സ്റ്റിക്കിന്റ ഷെയ്ടിനെകുറിച്ചും നിങ്ങൾ പരിഭ്രാന്തരാകേണ്ട’ -തുറന്നടിച്ച് ഐശ്വര്യ റായ്
‘
തന്റെ അഭിപ്രായങ്ങൾ എവിടെയും മറച്ചുവക്കാറുള്ള ആളല്ല നടി ഐശ്വര്യ റായ് ബച്ചൻ. പ്രത്യേകിച്ച് സമൂഹത്തിലെ സ്ത്രീകളെ ബാധിക്കുന്ന പ്രശ്നങ്ങളാകുമ്പോൾ. പൊതു ഇടങ്ങളിൽ സ്ത്രീകൾ നേരിടുന്ന ചൂഷണങ്ങൾക്കെതിരെ നടി നടത്തിയ പ്രസ്താവനകളാണിപ്പോൾ വാർത്തകളിൽ ഇടം പിടിക്കുന്നത്. സ്ത്രീകളുടെ ശരീരത്തെകുറിച്ചും അവരുടെ ഭാരത്തെയും ധരിക്കുന്ന വസ്ത്രത്തെയും ലിപ്സ്റ്റിക്കിന്റ ഷെയ്ടിനെകുറിച്ചും ആളുകൾ നടത്തുന്ന അനാവശ്യ പരാമർശങ്ങൾക്കെതിരെ ഐശ്യര്യ ശബ്ദമുയർത്തി. തെരുവി വീഥികളിലും പൊതു ഇടങ്ങളിലും സ്ത്രീകൾ ചൂഷണം ചെയ്യപെടുന്നത് ഒരു സ്വാഭാവിക കാര്യമായ് ചിത്രീകരിക്കപെടുന്നുണ്ട്. ഇതിനെതിരെയാണ് ഐശ്വര്യ ശബ്ദമുയർത്തിയിരിക്കുന്നത്. ലോറിയൽ പാരീസിന്റെ സ്റ്റാൻഡ് അപ്പ് പരിശീലന പരിപാടിയുടെ ഭാഗമായിട്ടാണ് ഐശ്വര്യ ഈ വിഷയത്തെക്കുറിച്ച് സംസാരിച്ചത്. ഒരു പതിറ്റാണ്ടിലേറെയായി ഐശ്വര്യ ഈ ബ്യൂട്ടി ബ്രാൻഡിന്റെ ഭാഗമായിട്ട്. നിങ്ങൾ നേരിടുന്ന പ്രശ്നം തുറന്നുപറയുന്നതിൽ നിന്ന് ഒഴിഞ്ഞുമാറരുതെന്ന് നടി ആളുകളോട് ആവശ്യപ്പെടുന്ന ഒരു വിഡിയോ ആണ് സമൂഹ മാധ്യമങ്ങളിൽ വൈറലാവുന്നത്. കണ്ണിൽ നോക്കുന്നത് ഒഴിവാക്കുകയോ ശ്രദ്ധിക്കപ്പെടാതിരിക്കാൻ സ്വയം ഒഴിഞ്ഞുമാറുകയോ ചെയ്യുന്നതിനു പകരം എങ്ങനെ പ്രതികരിക്കണം എന്നാണ് നടി വിഡിയോയിൽ പറയുന്നത്. ‘തെരുവ് ശല്യം നിങ്ങൾ എങ്ങനെ കൈകാര്യം ചെയ്യും?’ എന്ന് താരം ചോദിക്കുന്നുണ്ട്. ‘കണ്ണിലേക്ക് നോക്കാതിരിക്കുക എന്നല്ല. പകരം പ്രശ്നങ്ങളുടെ കണ്ണിലേക്ക് നേരെ നോക്കുക. നിങ്ങളുടെ തല ഉയർത്തിപ്പിടിക്കുക. സ്ത്രീത്വവും സ്ത്രീസ്വാതന്ത്യവും, എന്റെ ശരീരം, എന്റെ മൂല്യം എന്നതിൽ ഉറച്ചു നിൽക്കുക. നിങ്ങളുടെ മൂല്യത്തിൽ ഒരിക്കലും വിട്ടുവീഴ്ച ചെയ്യരുത്. സ്വയം സംശയിക്കരുത്. നിങ്ങളുടെ ആത്മാഭിമാനത്തിനുവേണ്ടി നിലകൊള്ളുക. നിങ്ങളുടെ വസ്ത്രധാരണത്തെയോ ലിപ്സ്റ്റിക്കിനെയോ ഒരിക്കലും സ്വയം കുറ്റപ്പെടുത്തരുത്. തെരുവ് ശല്യം ഒരിക്കലും നിങ്ങളുടെ തെറ്റല്ല’ നടി കൂട്ടിച്ചേർത്തു. തന്റെ നിലപാട് ശക്തമായി പ്രസ്താവിച്ച ഐശ്വര്യക്ക് അഭിനന്ദനം അറിയിക്കുകയാണ് ആരാധകർ. പൊതുവായി സംഭവിക്കുന്നതും എന്നാൽ വളരെ കുറച്ച് മാത്രം പ്രതികരിക്കപെടുന്നതുമായ ഒരു വിഷയം എടുത്തുകാണിച്ചതിന് കമന്റുകളിലൂടെ ഏറെ പ്രശംസയാണ് താരത്തിനായ് എത്തുന്നത്.





