തുടങ്ങിയത് നിങ്ങളാണ്, ഞങ്ങൾ അല്ല, ഇനി യുഎസ് സ്ഥാപനങ്ങളെല്ലാം ഞങ്ങളുടെ ലക്ഷ്യം’; മുന്നറിയിപ്പ് നല്‍കി ഐആര്‍ജിസി

തെഹ്‌റാന്‍: ഇസ്രായേലും യുഎസും ചേര്‍ന്ന് ഇറാനെ ആക്രമിച്ചതിന് പിന്നാലെ പശ്ചിമേഷ്യയില്‍ പൊട്ടിപ്പുറപ്പെട്ട യുദ്ധം 12ാം ദിവസത്തിലേക്ക് കടന്നിരിക്കെ, കടുത്ത മുന്നറിയിപ്പുമായി ഇറാന്റെ ഇസ്‌ലാമിക് റെവല്യൂഷണറി ഗാര്‍ഡ് (ഐആര്‍ജിസി). ഇറാനിലെ എണ്ണ സംഭരണകേന്ദ്രങ്ങള്‍ ആക്രമിച്ചതിന് പിന്നാലെയാണ് മുന്നറിയിപ്പ്. യുഎസുമായും ഇസ്രായേലുമായും ബന്ധമുള്ള ധനകാര്യ സ്ഥാപനങ്ങളെയും ടെക് സ്ഥാപനങ്ങളെയും ആക്രമിക്കുമെന്നാണ് ഐആര്‍ജിസിയുടെ പ്രഖ്യാപനം.’യുഎസിന്റെയും ഇസ്രായേലിന്റെയും സാമ്പത്തിക കേന്ദ്രങ്ങളെയും ബാങ്കുകളെയും ആക്രമിക്കാന്‍ ശത്രുക്കള്‍ ഞങ്ങളുടെ കൈകളെ പ്രേരിപ്പിച്ചിരിക്കുകയാണ്. ബാങ്കുകളുടെ ഒരു കിലോമീറ്റര്‍ പരിധിയില്‍ നിന്ന് ജനങ്ങള്‍ മാറണം. മേഖലായുദ്ധം അടിസ്ഥാന സൗകര്യങ്ങളെ തകര്‍ക്കുന്ന യുദ്ധത്തിലേക്ക് മാറുമ്പോള്‍ ഇറാന്റെ ലക്ഷ്യങ്ങളും മാറുകയാണ്. യുഎസിന്റെയും ഇസ്രായേലിന്റെയും ടെക് സ്ഥാപനങ്ങളും ഇനി ഇറാന്റെ ലക്ഷ്യമാണ്’ -ഐആര്‍ജിസി പറഞ്ഞു. ഐആര്‍ജിസി ആക്രമിക്കുമെന്ന് മുന്നറിയിപ്പ് നല്‍കിയ സ്ഥാപനങ്ങളുടെ പട്ടിക തസ്‌നിം വാര്‍ത്താ ഏജന്‍സി പുറത്തുവിട്ടു. ഗൂഗിള്‍, മൈക്രോസോഫ്റ്റ്, പാലന്തിയര്‍, ഐബിഎം, എന്‍വിഡിയ, ഒറാക്കിള്‍ എന്നിവയുടെ ഓഫീസുകള്‍ക്ക് ഭീഷണിയുണ്ട്. ഇസ്രായേല്‍ നഗരങ്ങളിലും ഗള്‍ഫ് രാജ്യങ്ങളിലും നിരവധി യുഎസ് കമ്പനികള്‍ക്ക് ഓഫിസുകളുണ്ട്. കഴിഞ്ഞദിവസമാണ് ഇസ്രയേല്‍ തെഹ്റാനിലെയും മറ്റിടങ്ങളിലെയും എണ്ണസംഭരണ കേന്ദ്രങ്ങള്‍ക്കുനേരെ വലിയ ആക്രമണം നടത്തിയത്. ഒരു എണ്ണശുദ്ധീകരണശാലയും ഇസ്രയേല്‍ ആക്രമിച്ചിരുന്നു. ആക്രമണത്തിന് പിന്നാലെ വലിയ തീപ്പിടിത്തമാണ് ഈ മേഖലകളിലുണ്ടായത്. ഇതിന് പിന്നാലെ അന്താരാഷ്ട്ര വിപണിയില്‍ എണ്ണവില കുത്തനെ ഉയര്‍ന്നിരുന്നു. മേഖലയിലെ യുഎസ്-ഇസ്രായേല്‍ റഡാറുകളുടെ വലിയൊരു ഭാഗം നശിപ്പിച്ചെന്ന് ഐആര്‍ജിസി വക്താവ് ബ്രിഗേഡിയര്‍ ജനറല്‍ മുഹമ്മദ് അക്രാമിനിയ അവകാശപ്പെട്ടു. അമേരിക്കന്‍-ഇസ്രായേല്‍ റഡാര്‍ സംവിധാനങ്ങളുടെ വലിയൊരു ഭാഗം ഐആര്‍ജിസി നിര്‍വീര്യമാക്കിയെന്നും അതിനാല്‍ ഇസ്രായേലി സൈനിക കേന്ദ്രങ്ങളെ വ്യക്തമായി തന്നെ ലക്ഷ്യമിടാനായെന്നും അദ്ദേഹം പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button