യുവതി മരിച്ച നിലയിൽ; സ്ത്രീധന പീഡന കൊലയെന്ന് പരാതി
ബംഗളൂരു: റായ്ച്ചൂർ നഗരത്തിലെ സയൻസ് സെന്ററിൽ പ്രോഗ്രാം അസിസ്റ്റന്റായി ജോലി ചെയ്യുന്ന യുവതിയെ സംശയാസ്പദമായ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. നഗരത്തിലെ ഐബി റോഡിൽ താമസിക്കുന്ന വിദ്യ എന്ന സുധിക്ഷയാണ് (30) മരിച്ചത്. ഭർത്താവും ഭർതൃവീട്ടുകാരും സ്ത്രീധന പീഡനവും കൊലപാതകവും നടത്തിയതായി കുടുംബം ആരോപിച്ചു. മൂന്ന് വർഷം മുമ്പാണ് സുധിക്ഷ മഞ്ജുനാഥിനെ വിവാഹം കഴിച്ചതെന്ന് കുടുംബം പറയുന്നു. വിവാഹം കഴിഞ്ഞ് നാല് മാസത്തിനുള്ളിൽ ഭർത്താവും കുടുംബവും സ്ത്രീധനത്തിന്റെ പേരിൽ പീഡിപ്പീക്കുന്നുണ്ടെന്ന് സുധിക്ഷ മാതാപിതാക്കളെ അറിയിച്ചിരുന്നു. സുധിക്ഷയെ ഭർത്താവും അമ്മായിയമ്മയും ചേർന്ന് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയെന്നും പിന്നീട് സംഭവം ആത്മഹത്യയായി ചിത്രീകരിക്കുകയായിരുന്നെന്നും പിതാവ് ആരോപിച്ചു. റായ്ച്ചൂരിലെ വെസ്റ്റ് പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി റിംസ് ആശുപത്രിയിലേക്ക് അയച്ചു. ഡിവൈഎസ്പി ശാന്തവീർ, തഹസിൽദാർ പരശുറാം എന്നിവർ സ്ഥലത്തെത്തി പരിശോധന നടത്തി.





