പ്രീമിയം പെട്രോളിനും ഡീസലിനും വില കൂട്ടി ഇന്ത്യൻ ഓയിൽ കോർപറേഷൻ

ന്യൂഡൽഹി: പശ്ചിമേഷ്യയിൽ സംഘർഷം തുടരുന്നതിനിടെ ഇന്ത്യയിൽ പ്രീമിയം പെട്രോളിനും ഡീസലിനും വില വർധിപ്പിച്ച് ഇന്ത്യൻ ഓയിൽ കോർപറേഷൻ. അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില കുതിച്ചുയരുന്നതാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചിരിക്കുന്നത്.

എക്‌സ്‌പി 100 പെട്രോൾ ലിറ്ററിന് 149 രൂപയിൽ നിന്ന് 160 രൂപയായി വർധിപ്പിച്ചു. അതേസമയം, എക്‌സ്ട്രാ ഗ്രീൻ ഡീസലിന്റെ വില ലിറ്ററിന് 91.49 രൂപയിൽ നിന്ന് 92.99 രൂപയായി വർധിപ്പിച്ചു.
വ്യോമയാന മേഖലയെ പ്രതിസന്ധിയിലാഴ്ത്തി വിമാന ഇന്ധനത്തിൻ്റെ (ATF) വിലയും കുത്തനെ ഉയർത്തിയിട്ടുണ്ട്. കിലോലിറ്ററിന് 2.07 ലക്ഷം രൂപയായാണ് നിരക്ക് വർധിപ്പിച്ചത്. ചരിത്രത്തിലാദ്യമായാണ് വിമാന ഇന്ധനവില രണ്ട് ലക്ഷം കടക്കുന്നത്. 2022-ൽ രേഖപ്പെടുത്തിയ 1.1 ലക്ഷം രൂപയായിരുന്നു ഇതിനുമുമ്പത്തെ റെക്കോർഡ് വില. അതേസമയം, ഇന്ധനവിലയിലുണ്ടായ ഈ വർധനവ് വരുംദിവസങ്ങളിൽ വിമാനയാത്രാ നിരക്കുകളെയും ബാധിച്ചേക്കാം. ഹോർമുസ് കടലിടുക്ക് വഴിയുള്ള എണ്ണ വിതരണം തടസപ്പെട്ടേക്കാമെന്ന ആഗോള ആശങ്കയാണ് വിപണിയിലെ ഈ പെട്ടെന്നുള്ള വിലക്കയറ്റത്തിന് കാരണം.

പ്രീമിയം ഇന്ധനങ്ങൾക്ക് വില കൂടിയെങ്കിലും സാധാരണ പെട്രോൾ, ഡീസൽ നിരക്കുകൾ വർധിപ്പിച്ചിട്ടില്ല. എങ്കിലും ക്രൂഡ് ഓയിൽ വില ഇതേ രീതിയിൽ തുടരുകയാണെങ്കിൽ വരും ദിവസങ്ങളിൽ സാധാരണ പെട്രോൾ, ഡീസൽ വിലയും വർധിപ്പിക്കാൻ സാധ്യതയുണ്ടെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തൽ

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button