വീണ്ടും ചേട്ടൻ ഷോ! സഞ്ജു 52 പന്തിൽ 87*; ഡൽഹിക്കെതിരെ ചെന്നൈക്ക് എട്ടു വിക്കറ്റ് ജയം

ന്യൂഡൽഹി: സഞ്ജു സാംസൺ തകർപ്പൻ അർധ സെഞ്ച്വറിയുമായി കത്തിക്കയറിയപ്പോൾ, ഐ.പി.എല്ലിൽ ഡൽഹി ക്യാപിറ്റൽസിനെതിരെ ചെന്നൈ സൂപ്പർ കിങ്സിന് എട്ടു വിക്കറ്റിന്‍റെ അനായാസ ജയം. ആദ്യം ബാറ്റ് ചെയ്ത ഡൽഹി 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 155 റൺസെടുത്തു. മറുപടി ബാറ്റിങ്ങിൽ ചെന്നൈ 17.3 ഓവറിൽ രണ്ടു വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യത്തിലെത്തി. 52 പന്തിൽ ആറു സിക്സും ഏഴു ഫോറുമടക്കം 87 റൺസെടുത്ത് സഞ്ജു പുറത്താകാതെ നിന്നു. പതിയ തുടങ്ങിയ സഞ്ജു മധ്യ ഓവറുകളിൽ തകർത്തടിക്കുകയായിരുന്നു. നായകൻ ഋതുരാജ് ഗെയ്ക്വാദ് (13 പന്തിൽ ആറ്), ഉർവിൽ പട്ടേൽ (ഒമ്പത് പന്തിൽ ഏഴ്) എന്നിവരുടെ വിക്കറ്റുകളാണ് ചെന്നൈക്ക് നഷ്ടമായത്. 31 പന്തിൽ 41 റൺസുമായി കാർതിക് ശർമ പുറത്താകാതെ നിന്നു. നേരത്തെ, ചെന്നൈയുടെ തകർപ്പൻ ബൗളിങ്ങാണ് ഡൽഹിയെ ചെറിയ സ്കോറിലൊതുക്കിയത്. 24 പന്തിൽ 40 റൺസുമായി പുറത്താവാതെ നിന്ന സമീർ റിസ്വിയാണ് ടോപ് സ്കോറർ. ട്രിസ്റ്റൻ സ്റ്റബ്സ് 31 പന്തിൽ 38 റൺസ് നേടി. നന്നായി പന്തെറിഞ്ഞ ബൗളർമാരിൽ നൂർ അഹ്മദ് രണ്ടും അകീൽ ഹുസൈനും മുകേഷ് ചൗധരിയും ഗുർജൻപ്രീത് സിങ്ങും ജാമീ ഓവർട്ടനും ഓരോ വിക്കറ്റും സ്വന്തമാക്കി. ടോസ് നേടിയ ഡൽഹി ക്യാപ്റ്റൻ അക്ഷർ പട്ടേൽ ബാറ്റിങ് തെരഞ്ഞെടുത്തു. നാലാം ഓവറിൽ ഓപണർ പാതും നിസ്സാങ്കയെ (15 പന്തിൽ 19) പുറത്താക്കി മുകേഷ് ആദ്യ അടിയേൽപിച്ചു. ഡെവാൾഡ് ബ്രെവിസ് ക്യാച്ചെടുക്കുമ്പോൾ സ്കോർ ബോർഡിൽ 29. ഫോമിലുള്ള കെ.എൽ. രാഹുലിനും പിടിച്ചുനിൽക്കാനായില്ല. ആറാം ഓവറിൽ ഓപണർ രാഹുലിനെ (13 പന്തിൽ 12) അകീൽ നായകൻ ഋതുരാജ് ഗെയ്ക്‌വാദിന്റെ കൈകളിലെത്തിച്ചു. 36ൽ രണ്ടാം വിക്കറ്റ്. ഇംപാക്ട് പ്ലെയറായെത്തിയ മലയാളി താരം കരുൺ നായർ 13 പന്തിൽ അത്രയും റൺസ് നേടി നൂർ അഹ്മദിന് വിക്കറ്റ് സമ്മാനിച്ചു. ഗുർജൻപ്രീത് ക്യാച്ചെടുത്തു. മൂന്നിന് 52. അടുത്തത് നിതീഷ് റാണ (13 പന്തിൽ 15). നൂറിന് രണ്ടാം വിക്കറ്റ് നൽകിയായിരുന്നു മടക്കം. 11 ഓവർ പൂർത്തിയാകവേ നായകൻ അക്ഷർ പട്ടേലും (2) പരാജിതനായി ഗുർജന് വിക്കറ്റ് കൊടുത്ത് തിരിച്ചുനടന്നതോടെ അഞ്ചിന് 69ലേക്ക് തകർന്നു ക്യാപിറ്റൽസ്. ആറാം വിക്കറ്റിൽ സ്റ്റബ്സും റിസ്വിയും പൊരുതിയതോടെ ടീം കരകയറിത്തുടങ്ങി. 19ാം ഓവറിലാണ് ഈ സഖ്യം പൊളിഞ്ഞത്. സ്റ്റബ്സിനെ മുകേഷിന് ഏൽപിക്കുകയായിരുന്നു ഓവർട്ടൻ. സ്കോർ അപ്പോൾ 134. രണ്ട് സിക്സർ നേടി ടീമിനെ 150ന് അരികിലെത്തിച്ച അഷുതോഷ് ശർമ (അഞ്ച് പന്തിൽ 14) ഇന്നിങ്സ് തീരാൻ ഒരു പന്ത് മാത്രം ബാക്കിനിൽക്കെ റണ്ണൗട്ടായി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button