പഠിക്കാൻ പറഞ്ഞത് ഇഷ്ടമായില്ല; അമ്മയെ കഴുത്തു ഞെരിച്ച് കൊന്ന് പതിനാലുകാരൻ

ചെന്നൈ: പഠിക്കാൻ പറഞ്ഞത് ഇഷ്ടമാവാത്തതിനെ തുടർന്ന് അമ്മയെ കൊലപ്പെടുത്തി മകൻ. തമിഴ്‌നാട് കള്ളക്കുറിച്ചിയിലാണ് സംഭവം. മഹേശ്വരി (40) യെയാണ് വയലിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. പതിനാലു വയസുകാരനായ മകനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഒക്ടോബർ 20നാണ് മഹേശ്വരി കൊല്ലപ്പെടുന്നത്. പശുവിന് പുല്ലരിയാനായി പോയ യുവതി തിരിച്ചെത്താത്തതിനെ തുടർന്ന് ഭർത്താവും ബന്ധുക്കളും ചേർന്ന് നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. തുടർന്ന് പൊലീസെത്തി മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി അയച്ചു. റിപ്പോർട്ടിൽ കൊലപാതകമാണെന്ന് തെളിഞ്ഞതോടെ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണമാരംഭിച്ചു. കൊലപാതകം നടന്ന വയലിൽ കണ്ടെത്തിയ ഷർട്ടിന്റെ ബട്ടണാണ് പ്രതിയെ കണ്ടെത്തുന്നതിൽ നിർണായകമായത്. മഹേശ്വരിയുടെ രണ്ടാമത്തെ മകന്റേതാണ് ബട്ടണെന്ന് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തുകയായിരുന്നു. തുടർന്ന നടത്തിയ ചോദ്യം ചെയ്യലിൽ മകൻ കുറ്റം സമ്മതിച്ചു. സ്‌കൂളിൽ പോകുന്നുണ്ടെങ്കിലും തനിക്ക് പഠനത്തോട് യാതൊരു താൽപര്യവുമില്ല. പഠിക്കാതെ കൂട്ടുകാർക്കൊപ്പം പുറത്തുപോകുന്നതും ടിവി കാണുന്നതും പറഞ്ഞ് ദിവസവും അമ്മയുമായി വഴക്കുണ്ടാകാറുണ്ടായിരുന്നുവെന്ന് മകന്റെ മൊഴിയിൽ പറയുന്നു. എപ്പോഴും വഴക്കുപറയുന്നതാണ് അമ്മയോട് വിരോധമുണ്ടാകാൻ കാരണമായി മകൻ പറയുന്നത്. ദിപാവലി ദിവസവും അമ്മയുമായി തർക്കമുണ്ടാവുകയും ദേഷ്യത്തിൽ അമ്മ മകനെ അടിക്കുകയും ചെയ്തിരുന്നു. പുല്ലരിയാൻ പോയ മാതാവിനെ പിന്തുടർന്ന് തന്നെ തല്ലിയതിന്റെ കാരണം തിരക്കുകയും അത് വീണ്ടും വഴക്കിൽ കലാശിക്കുകയുമായിരുന്നു. നിലത്ത് തള്ളിയിട്ട മാതാവിന്റെ കഴുത്തിൽ കാലുകൊണ്ട് അമർത്തിയെങ്കിലും മരിച്ചിരുന്നില്ല. പിന്നീട് താലി ഉപയോഗിച്ച് വീണ്ടും കഴുത്തുമുറുക്കിയാണ് കൊലപ്പെടുത്തിയതെന്നാണ് പ്രതിയുടെ മൊഴി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ ജുവനൈൽ ഹോമിലേക്ക് മാറ്റി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button