ക്രിക്കറ്റ് പരിശീലനത്തിനിടെ പന്ത് കഴുത്തിൽ കൊണ്ടു; 17കാരനായ താരത്തിന് ദാരുണാന്ത്യം
മെൽബൺ: ആസ്ട്രേലിയയിൽ ക്രിക്കറ്റ് പരിശീലനത്തിനിടെ പന്ത് കഴുത്തിൽ കൊണ്ട് 17കാരനായ താരം മരിച്ചു. ചൊവ്വാഴ്ച മെൽബണിലെ ഫെറിൻട്രീ ഗള്ളിയിലാണ് സംഭവം. ബെൻ ഓസ്റ്റിൻ എന്ന കുട്ടിക്കാണ് ജീവൻ നഷ്ടമായത്.സഹതാരങ്ങൾക്കൊപ്പം നെറ്റ്സിൽ ബാറ്റിങ് പരിശീലനം നടത്തുന്നതിനിടെയായിരുന്നു അപകടം. പന്ത് കൊണ്ട് ഗുരുതരാവസ്ഥയിലായ ബെൻ ഓസ്റ്റിനെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ ബുധനാഴ്ച മരണത്തിന് കീഴടങ്ങുകയായിരുന്നെന്ന് ഫെറിൻട്രീ ഗള്ളി ക്രിക്കറ്റ് ക്ലബ് അറിയിച്ചു.’ബെന്നിന്റെ വിയോഗത്തിൽ ഞങ്ങൾ പൂർണമായും തകർന്നുപോയി. അവന്റെ മരണത്തിന്റെ ആഘാതം ഞങ്ങളുടെ ക്രിക്കറ്റ് സമൂഹത്തിലെ എല്ലാവർക്കും അനുഭവപ്പെടും. ഞങ്ങളുടെ പ്രാർഥനകൾ അവന്റെ കുടുംബത്തിനും സുഹൃത്തുക്കൾക്കുമൊപ്പമുണ്ട്’- ക്ലബ് പ്രസ്താവനയിൽ അറിയിച്ചു. നെറ്റ്സിൽ പരിശീലനത്തിനിടെയാണ് ഓസ്റ്റിന് പരിക്കേറ്റതെന്ന് റിങ്‌വുഡ് ആൻഡ് ഡിസ്ട്രിക്റ്റ് ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്റ് മൈക്കൽ ഫിൻ പറഞ്ഞു. ‘പാരാമെഡിക്കുകൾ എത്തുന്നതുവരെ ആ സമയത്ത് ഗ്രൗണ്ടിലുണ്ടായിരുന്ന ആളുകൾ അവന് വൈദ്യസഹായം നൽകി’- അദ്ദേഹം കൂട്ടിച്ചേർത്തു. ഓസ്റ്റിൻ ക്രിക്കറ്റിനെ ഒരുപാട് സ്നേഹിച്ചിരുന്നതായും അത് അവന്റെ ജീവിതത്തിലെ സന്തോഷങ്ങളിൽ ഒന്നായിരുന്നെന്നും കുടുംബം പ്രതികരിച്ചു. ഓസ്റ്റിൻ ഹെൽമെറ്റ് ധരിച്ചിരുന്നുവെന്നും എന്നാൽ 10 വർഷം മുമ്പ് ഫിലിപ്പ് ഹ്യൂസ് എന്ന താരത്തിന് സംഭവിച്ചതിന് സമാനമായി പന്ത് അവന്റെ കഴുത്തിൽ കൊള്ളുകയായിരുന്നെന്നും ക്രിക്കറ്റ് വിക്ടോറിയ സിഇഒ നിക്ക് കമ്മിൻസ് പറഞ്ഞു.2014 നവംബറിലാണ്, ഫസ്റ്റ് ക്ലാസ് മത്സരത്തിൽ സൗത്ത് ആസ്‌ട്രേലിയയ്ക്കു വേണ്ടി ബാറ്റ് ചെയ്യുന്നതിനിടെ പന്ത് ചെവിക്ക് സമീപം കൊണ്ടതിനെ തുടർന്ന് അന്താരാഷ്ട്ര ക്രിക്കറ്റ് താരം ഫിലിപ്പ് ഹ്യൂസ് സിഡ്‌നിയിലെ ആശുപത്രിയിൽ മരിച്ചത്. ഹ്യൂസിന്റെ മരണത്തിന്റെ പശ്ചാത്തലത്തിൽ, ബ്രിസ്ബെയ്നിൽ ഇന്ത്യയ്‌ക്കെതിരെ നടക്കേണ്ടിയിരുന്ന ആദ്യ ക്രിക്കറ്റ് ടെസ്റ്റ് ആസ്‌ട്രേലിയൻ ടീം മാറ്റിവച്ചിരുന്നു. തുടർന്ന് ടോപ് ടയർ ക്രിക്കറ്റിൽ ബാറ്റിങ് ഹെൽമെറ്റുകൾക്ക് പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയും ചെയ്തു.





