2020 മുതല്‍ രാജ്യത്ത് റദ്ദ് ചെയ്തത് 2.49 കോടി റേഷന്‍ കാര്‍ഡുകള്‍
ന്യൂദല്‍ഹി: 2020 മുതല്‍ രാജ്യത്ത് റദ്ദ് ചെയ്തത് രണ്ട് കോടിയിലധികം റേഷന്‍ കാര്‍ഡുകള്‍. വിവിധ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് റേഷന്‍ കാര്‍ഡുകള്‍ റദ്ദ് ചെയ്തിരിക്കുന്നത്. കേന്ദ്ര സര്‍ക്കാരാണ് ഇതുസംബന്ധിച്ച കണക്കുകള്‍ പുറത്തുവിട്ടത്.
ഡ്യൂപ്ലിക്കേറ്റ്, ഇ-കെവൈസി വിവരങ്ങളിലെ പൊരുത്തക്കേടുകള്‍, എന്‍.എഫ്.എസ്.ഐ പ്രകാരമുള്ള യോഗ്യതയുടെ അഭാവം, മരണം എന്നിവയാണ് കോടിക്കണക്കിന് റേഷന്‍ കാര്‍ഡുകള്‍ മരവിപ്പിക്കാന്‍ കാരണമായത്.
നിലവില്‍ രാജ്യത്ത് 20,29,52,938 റേഷന്‍ കാര്‍ഡുകളുണ്ടെന്ന് ഭക്ഷ്യ, പൊതുവിതരണ മന്ത്രി സഹമന്ത്രി നിമുബെന്‍ ജയന്തിഭായ് ബംഭാനിയ രേഖാമൂലം രാജ്യസഭയില്‍ അറിയിച്ചു.
എന്നാല്‍ ഡിജിറ്റലൈസേഷന് വര്‍ധിച്ചതോടെ 2020നും 2025നും ഇടയില്‍ ഏകദേശം 2.49 കോടി റേഷന്‍ കാര്‍ഡുകള്‍ നീക്കം ചെയ്തുവെന്നാണ് മന്ത്രി വ്യക്തമാക്കിയത്.
2020ല്‍ 24,19,451 റേഷന്‍ കാര്‍ഡുകളും 2021ല്‍ 29,02,794ഉം 2022ല്‍ 63,80,274 റേഷന്‍ കാര്‍ഡുകളും 2023ല്‍ 41,99,373 കാര്‍ഡുകളും 2024ല്‍ 48,85,259 കാര്‍ഡുകളും, 2025ല്‍ ഇതുവരെ 41,41,385 റേഷന്‍ കാര്‍ഡുകളുമാണ് റദ്ദ് ചെയ്തത്. ഇതുവരെ ഈ നടപടിയില്‍ ഒരു പരാതി പോലും ലഭിച്ചിട്ടില്ലെന്നും മന്ത്രി പറഞ്ഞു.
2013ലെ ദേശീയ ഭക്ഷ്യസുരക്ഷാ നിയമം, രാജ്യത്തെ ഗ്രാമീണ മേഖലയിലുള്ള 75 ശതമാനം ആളുകള്‍ക്കും നഗരമേഖലയിലെ 50 ശതമാനം ആളുകള്‍ക്കും പരിരക്ഷ ഉറപ്പുനല്‍കുന്നുണ്ട്. അതായത് രാജ്യത്തെ മൊത്തം ജനസംഖ്യയുടെ മുന്നില്‍ രണ്ട് ഭാഗവും ഇതില്‍ ഉള്‍പ്പെടുന്നു.
രാജ്യത്തെ 80 കോടി ജനങ്ങളാണ് റേഷന്‍ കടകള്‍ വഴി സൗജന്യ ഭക്ഷ്യവസ്തുക്കള്‍ വാങ്ങുന്നത്. 2011ലെ സെന്‍സസ് അനുസരിച്ച് മൊത്തം റേഷന്‍ ഗുണഭോക്താക്കളുടെ എണ്ണം 81.35 കോടിയായിരുന്നു. നിലവില്‍ 80.56 കോടി ഗുണഭോക്താക്കളെ മാത്രമേ സംസ്ഥാന-കേന്ദ്രഭരണ പ്രദേശങ്ങള്‍ കണ്ടെത്തിയിട്ടുള്ളു.





