ലവ് ജിഹാദും ബഹുഭാര്യത്വവും ഇനി ഇവിടെ വേണ്ട”; നിയമസഭയിൽ പുതിയ ബില്ല് അവതരിപ്പിക്കാനൊരുങ്ങി അസം സർക്കാർ; പ്രഖ്യാപിച്ച് മുഖ്യമന്ത്രി ഹിമന്ത ബിശ്വശർമ
“
ദിസ്പൂർ: ലവ് ജിഹാദിനും ബഹുഭാര്യത്വത്തിനുമെതിരെ നിയമസഭയിൽ പുതിയ ബില്ല് അവതരിപ്പിക്കുമെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വശർമ. ഈ വർഷം തന്നെ സംസ്ഥാനത്ത് ബില്ല് കൊണ്ടുവരുമെന്നും വൈഷ്ണവ സത്രങ്ങളുടെ സംരക്ഷണം ഉറപ്പാക്കുന്നതിന് വേണ്ട നടപടികൾ കൈക്കൊള്ളുമെന്നും ഹിമന്ത ബിശ്വശർമ പറഞ്ഞു. മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.ലവ് ജിഹാദ്, ബഹുഭാര്യത്വം എന്നിവയ്ക്കെതിരെ സംസ്ഥാനത്ത് ഈ വർഷം തന്നെ ബില്ലുകൾ അവതരിപ്പിക്കും. ബില്ലുകളുമായി ബന്ധപ്പെട്ട നിർദേശങ്ങൾ സഭയിൽ ചർച്ച ചെയ്യും. ബില്ലുകൾ പാസായി കഴിഞ്ഞാൽ ഇതിന്റെ കൂടുതൽ വിവരങ്ങൾ മാദ്ധ്യമങ്ങളെ അറിയിക്കും. അടുത്ത മാസമായിരിക്കും സഭയിൽ ചർച്ച നടക്കുക. ബില്ലിന്റെ കരട് മന്ത്രിസഭ അംഗീകരിച്ചാൽ നിയമങ്ങളുടെ വിശദാംശങ്ങൾ ഔദ്യോഗികമായി അറിയിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.ലവ് ജിഹാദിനും ബഹുഭാര്യത്വത്തിനുമെതിരെ ഹിമന്ത ബിശ്വശർമ നേരത്തെയും നടിപടികൾ കടുപ്പിക്കാൻ ആഹ്വാനം ചെയ്യുന്നതിരുന്നു. ഇതിനിടെയാണ് ഈ നീക്കം. ലവ് ജിഹാദുമായി ബന്ധപ്പെട്ട കേസുകളിൽ പ്രതികൾക്ക് ജീവപര്യന്തം തടവുശിക്ഷ ലഭിക്കാവുന്ന നിയമം കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു.സംസ്ഥാനത്തെ സർക്കാർ ജീവനക്കാർ ഒന്നിലധികം വിവാഹങ്ങൾ ചെയ്യുന്നതിൽ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ആദ്യ പങ്കാളി ജീവിച്ചിരിക്കുമ്പോൾ ഔദ്യോഗികമായി ബന്ധം പിരിയാതെ രണ്ടാമതും വിവാഹം കഴിച്ചാൽ കർശന നടപടി നേരിടേണ്ടിവരുമെന്ന് ഉൾപ്പെടെ മുഖ്യമന്ത്രി നിർദേശിച്ചിരുന്നു.
