പൊതുറോഡിൽ കക്കൂസ് മാലിന്യം തള്ളിയവർ വാഹനവുമായി പിടിയിൽ
നല്ലളം: പൊതുറോഡിൽ കക്കൂസ് മാലിന്യം തള്ളിയ പ്രതികളും വാഹനവും നല്ലളം പൊലീസ് പിടികൂടി. നടക്കാവ് സി.എം.സി കോളനിയിൽ താമസിക്കുന്ന ശരത്ത് (24),തമിഴ്നാട് സ്വദേശി രാമചന്ദ്രൻ (38) എന്നിവരെയാണ് പിടികൂടിയത്. പൊലീസ്പട്രോളിങ്ങിനിടയിൽ ബുധനാഴ്ച പുലർച്ചെ ദേശീയപാതയിൽ വി.കെ.സി. ഫാക്ടറിക്ക് എതിർഭാഗത്തുള്ള ബസ് സ്റ്റോപ്പിനു സമീപം പൊതുറോഡിലേക്ക് മാലിന്യം തള്ളുന്നത് ശ്രദ്ധയിൽപെട്ട ഉടൻ പൊലീസ് ഇടപെട്ടു. വാഹനം ഉപേക്ഷിച്ച് ഓടി രക്ഷപ്പെടാൻ ശ്രമിച്ച പ്രതികളെ നല്ലളം എസ്.ഐ. മുഹമ്മദ് അഷ്റഷ്, സി.പി.ഒ. അനീഷ് എന്നിവർ ചേർന്നാണ് കസ്റ്റഡിയിലെടുത്തത്.





