കേരളം അതീവ ദരിദ്ര രഹിത സംസ്ഥാനമാണെന്ന് പറയുന്നത് ശുദ്ധ തട്ടിപ്പ്’; സഭ ബഹിഷ്കരിച്ച് പ്രതിപക്ഷം
‘
തിരുവനന്തപുരം: അതിദാരിദ്ര്യ മുക്ത സംസ്ഥാനമായി കേരളത്തെ മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിക്കുന്നതിനിടയിൽ നിയമസഭ ബഹിഷ്കരിച്ച് പ്രതിപക്ഷം. പ്രഖ്യാപനത്തിൽസഹകരിക്കില്ലെന്ന്പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പറഞ്ഞു. അതിദാരിദ്ര്യ മുക്ത സംസ്ഥാന പദ്ധതി ശുദ്ധ തട്ടിപ്പാണെന്നും അദ്ദേഹം പറഞ്ഞു.
‘കേരളം അതീവ ദരിദ്ര രഹിത സംസ്ഥാനമാണെന്ന് പറയുന്ന ശുദ്ധ തട്ടിപ്പാണ് മുഖ്യമന്ത്രി റൂൾ 300 പ്രഖ്യാപനത്തിലൂടെ നടത്തുന്നത്. ഇതിനോട് കൂട്ടുനിൽക്കാൻ പ്രതിപക്ഷമില്ല. സഭയെ അവഹേളിച്ചു കൊണ്ടാണ് റൂൾ 300 സ്റ്റേറ്റ്മെന്റ് സഭയിൽ നടത്തുന്നത്. രാവിലെ പത്രങ്ങളിൽ വന്ന പരസ്യം മുഖ്യമന്ത്രി സഭിയിൽ വായിക്കുന്നതിൽ എന്ത് പ്രസക്തിയാണുള്ളത്,’ പ്രതിപക്ഷ നേതാവ് പറഞ്ഞു.
വിയോജിപ്പ് രേഖപ്പെടുത്തി സഭ ബഹിഷ്കരിക്കാനുള്ള തീരുമാനം പ്രതിപക്ഷം നേരത്തെ ചേർന്ന യു.ഡി.എഫ് പാർലമെന്ററി യോഗത്തിൽ എടുത്തിരുന്നു.
ഇതിനുമറുപടിയുമായി മുഖ്യമന്ത്രിയടക്കമുള്ളവർ രംഗത്തെത്തി. പ്രതിപക്ഷ നേതാവ് സഭിയിൽ പറഞ്ഞ കാര്യം തീർത്തും അപ്രസക്തമാണെന്നും ഇതൊന്നും രഹസ്യമായ കാര്യമല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. എന്തിനാണ് പ്രതിപക്ഷം ഇതിനെ ഭയപ്പെടുന്നതെന്നും അദ്ദേഹം ചോദിച്ചു.
അതിദാരിദ്ര്യ മുക്ത സംസ്ഥാനമായി കേരളത്തെ പ്രഖ്യാപിക്കുന്നത് ചരിത്രപ്രധാനമായ ഒരു കാര്യമാണെന്നും നിയമസഭയിലൂടെ അറിയിക്കുന്നതാണ് ഏറ്റവും ഉചിതമായ കാര്യമെന്ന് കണ്ടെത്തിയതിനാലാണ് സഭ ചേർന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
നടപ്പാക്കാൻ കഴിയുന്നതെന്താണോ അതെ പറയാറുള്ളുവെന്നും ജനങ്ങൾ തങ്ങൾക്ക് നൽകുന്ന അംഗീകാരത്തിന്റെ അടിസ്ഥാനം അതാണെന്നും അദ്ദേഹം പറഞ്ഞു.
അതിദാരിദ്ര്യ മുക്ത സംസ്ഥാനമായി കേരളത്തെ മാറ്റുമെന്ന് പറഞ്ഞ കാര്യം നടപ്പായെന്നും അത് മുന്നോട്ട് കൊണ്ടുപോകാനുള്ള നടപടികൾ സ്വീകരിക്കുമെന്നും പ്രതിപക്ഷ നേതാവിനുള്ള മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു.
കേരളം പിറവി ദിനത്തിൽ കേരളം കൈവരിച്ച ഒരു നേട്ടത്തിൽ അഭിമാനിക്കുന്നതിന് പകരം അത് സഹിക്കാൻ കഴിയാതെ ഇറങ്ങിപ്പോകുന്ന പ്രതിപക്ഷത്തെ ചരിത്രം എക്കാലത്തും വിലയിരുത്തുമെന്നും കുറ്റക്കാരെന്ന് വിളിക്കുമെന്നും മന്ത്രി എം.ബി രാജേഷ് പറഞ്ഞു.





