ഹയർസെക്കൻഡറി സ്കൂൾ അധ്യയനസമയം; പീരിയഡ് മുക്കാൽ മണിക്കൂറിൽനിന്ന് ഒരു മണിക്കൂറാക്കാനുള്ള ആലോചന
ഹയർസെക്കൻഡറി സ്കൂൾ അധ്യയനസമയം പരിഷ്കരിക്കാൻ ആലോചന. പീരിയഡ് മുക്കാൽമണിക്കൂറിൽനിന്ന് ഒരു മണിക്കൂറാക്കാനുള്ള സാധ്യതയാണ് തേടുന്നത്. പൊതുവിദ്യാഭ്യാസ ഡയറക്ടർ ഹയർസെക്കൻഡറി വിഭാഗം മേഖലാ ഡെപ്യൂട്ടി ഡയറക്‌ടർമാർക്കയച്ച കത്തിലാണ് ഇതുസംബന്ധിച്ച സൂചന. സ്കൂൾ ഏകീകരണം പൂർത്തിയാക്കുന്നതിനു മുന്നോടിയായുള്ള തസ്‌തികനിർണയംകൂടി കണക്കിലെടുത്താണ് നീക്കം.
സയൻസ് വിഷയങ്ങൾ പഠിപ്പിക്കാൻ മുക്കാൽ മണിക്കൂർ പോരെന്നാണ് അധ്യയനസമയം കൂട്ടാനുള്ള ഒരു വാദം. കോളേജുകളിൽ ഒരു മണിക്കൂറാണ്.
ഹയർസെക്കൻഡറി പാഠ്യപദ്ധതി പരിഷ്കരണത്തിൻ്റെ പണിപ്പുരയിലാണ് എസ്സിഇആർടി. പീരിയഡിന്റെ കാര്യത്തിൽ ധാരണയായാൽ പുതിയ പാഠ്യപദ്ധതി പൂർത്തിയാവുന്ന മുറയ്ക്ക് അധ്യയനസമയം മാറാനാണ് സാധ്യത.
വിദ്യാർഥികളുടെ ഏറ്റക്കുറച്ചിലിനെത്തുടർന്ന് വിവിധ ജില്ലയിലേക്ക് മാറ്റിയിട്ടുള്ള ബാച്ചുകളിൽ അധികതസ്തിക സൃഷ്ടിക്കുന്നതിനുപകരം, പുനർവിന്യാസം നടത്താനുള്ള സാധ്യത തേടുകയാണ് സർക്കാർ. ഇതിൻ്റെ ഭാഗമായാണ് പീരിയഡിന്റെ ദൈർഘ്യം ഒരു മണിക്കൂറാക്കാനും സീനിയർ അധ്യാപകനാവാൻ ആഴ്‌ചയിൽ 15 മണിക്കൂർ ജോലിസമയം നിഷ്കർഷിക്കാനുമുള്ള നിർദേശം.
മണിക്കൂർ അടിസ്ഥാനത്തിലുള്ള പീരിയഡ് നിർണയം നിലവിലെ തസ്‌തികകളെ ബാധിക്കുമെന്നാണ് അധ്യാപകസംഘടനകളുടെ ആശങ്ക. നിലവിൽ പീരിയഡ് കണക്കാക്കിയാണ് തസ്തികനിർണയം. ഇനിയത് മണിക്കൂർ അടിസ്ഥാനത്തിലാവും. ഇതോടെ, ഒട്ടേറെ സീനിയർ അധ്യാപകർ ജൂനിയറാവും. അവരെ പുനർവിന്യസിക്കാനാണ് സർക്കാർതന്ത്രമെന്നാണ് വിമർശനം.





