വിരലുകൾ പൊട്ടിക്കുന്നത് എല്ലുകളെ ദുർബലപ്പെടുത്തുമോ?
സമർദം, വിരസത, ശീലങ്ങൾ തുടങ്ങിയ കാരണങ്ങൾ കൊണ്ട് പലർക്കും വിരലുകൾ പൊട്ടിക്കുന്ന (വിരലിലെ ഞൊട്ട പൊട്ടിക്കൽ) ശീലമുണ്ടാവാറുണ്ട്. ഇവയെ കുറിച്ച് ധാരാളം മിഥ്യാധാരണകൾ പൊതുസമൂഹത്തിലുണ്ട്. സന്ധികളെ ദുർബലപ്പെടുത്തുമെന്നും ആർത്രൈറ്റിസ് അല്ലെങ്കിൽ ദീർഘകാല പരിക്കിന് കാരണമാകുമെന്നും പറയപ്പെടുന്നുണ്ട്. എന്നാൽ നമ്മൾ വിരലുകൾ പൊട്ടിക്കുമ്പോൾ യഥാർഥത്തിൽ എന്താണ് സംഭവിക്കുന്നത്? അത് ദോഷകരമാണോ? നിങ്ങളെ ദുർബലപ്പെടുത്തുമോ?ഡോക്ടർമാർ പറയുന്നതനുസരിച്ച് നിങ്ങളുടെ വിരലുകൾ പൊട്ടുന്നത് നിങ്ങളുടെ കൈകളെ ദുർബലമാക്കുന്നില്ല. പകരം അടഞ്ഞ സന്ധികളിൽ നിന്ന് നെഗറ്റീവ് മർദം പുറത്തുവിടുകയാണ് ചെയ്യുന്നത്. വിരലുകൾ വലിക്കുമ്പോഴോ വളക്കുമ്പോഴോ നെഗറ്റീവ് മർദം സൃഷ്ടിക്കപ്പെടുകയും ചെറിയ വാതക കുമിളകൾ രൂപപ്പെടുകയും ചെയ്യും. ഇത്തരം കുമിളകൾ പൊട്ടുമ്പോൾ അവ ടക്ക് എന്ന ശബ്ദം പുറപ്പെടുവിക്കും. അതുകൊണ്ട് ആ ശബ്ദം ബലഹീനതയുടെയോ പരിക്കിന്റെയോ ലക്ഷണമല്ല.മിക്ക കേസുകളിലും ഇങ്ങനെ മർദം പുറത്തുവിടുന്നത് ദോഷകരമല്ലെന്ന് ഡോക്ടർമാർ വിശദീകരിക്കുന്നുണ്ട്. പക്ഷേ, വിരൽ പൊട്ടിക്കുമ്പോൾ ആർക്കെങ്കിലും കഠിനമായ വേദന അനുഭവപ്പെടുകയാണെങ്കിൽ അത് വീക്കം അല്ലെങ്കിൽ ആയാസം പോലുള്ള പ്രശ്നത്തെ സൂചിപ്പിക്കുന്നതാണ്. വേദനയില്ലാത്ത ശബ്ദം അപകടകരമല്ല.എപ്പോഴാണ് ശ്രദ്ധിക്കേണ്ടത്ഇടക്കിടെ ഉണ്ടാകുന്ന പൊട്ടലുകൾ സുരക്ഷിതമാണെങ്കിലും പൊട്ടലുകളിൽ വേദനയോ വീക്കമോ ഉണ്ടാകാൻ പാടില്ലെന്ന് ഡോക്ടർമാർ മുന്നറിയിപ്പ് നൽകുന്നുണ്ട്. പെട്ടെന്ന് വീക്കം, വൈകല്യം അല്ലെങ്കിൽ നിരന്തരമായ അസ്വസ്ഥത അനുഭവപ്പെടുകയാണെങ്കിൽ അവ മറ്റ് ചില കാരണങ്ങൾ കൊണ്ടാണ്. ലിഗ്മെന്റിലെ പരിക്ക്, ചെറിയ രീതിയിലുള്ള സ്ഥാനംതെറ്റൽ, സന്ധി വീക്കം, ടിഷ്യൂകളിലെ ബലഹീനത തുടങ്ങിയവ ചില കാരണങ്ങളാണ്. ഇത്തരം സന്ദർഭങ്ങളിൽ ഉടനടി വൈദ്യപരിശോധന ഉറപ്പാക്കണം.ഈ ശീലം സന്ധികളെ ബാധിക്കുമോ?വിരലുകൾ പൊട്ടിക്കുന്നത് ചലനശേഷിയും ശക്തിയും മെച്ചപ്പെടുത്തുന്നില്ല. പകരം സമ്മർദം കുറക്കുന്നതിന് സമാനമായ മാനസിക ആശ്വാസം നൽകും. പക്ഷേ കാലക്രമേണ അമിതമായ സമർദം ചുറ്റുമുള്ള ടിഷ്യൂകളെ പ്രതികൂലമായി ബാധിക്കുകയും അസ്വസ്ഥതയുണ്ടാക്കുകയും ചെയ്യും. താൽകാലിക ആശ്വാസം നൽകുന്ന ഒരു നിരുപദ്രവകരമായ പ്രവൃത്തിയാണ് വിരലുകൾ പൊട്ടിക്കുന്നത്. എന്നാൽ, വേദനയുണ്ടെങ്കിൽ ഉടൻ നിർത്തണം. വേദന, വീക്കം എന്നിവ അപകടത്തിന്റെ സൂചനകളാണ്.സന്ധികളുടെ മൊത്തത്തിലുള്ള ആരോഗ്യത്തിന് വിരലുകളെ നിർബന്ധപൂർവം പൊട്ടിക്കുന്നതിനേക്കാൾ നല്ലത് സ്വാഭാവികമായി ചലിപ്പിക്കാൻ അനുവദിക്കുന്നതാണ്. ആരോഗ്യമുള്ള സന്ധികളിൽ ഒരിക്കലും സമ്മർദ്ദം ചെലുത്തരുത്




