കോഴിക്കോടേക്ക് വന്ന സ്വിഫ്റ്റ് ബസിന് തീപിടിച്ചു; പൂർണമായും കത്തി നശിച്ചു; അപകടം മൈസൂരുവിന് സമീപം
മൈസൂരു: ബംഗളൂരുവിൽനിന്ന് കോഴിക്കോടേക്ക് വരികയായിരുന്ന കെ.എസ്.ആർ.ടി.സി സ്വിഫ്റ്റ് ബസ് പൂർണമായും കത്തിനശിച്ചു. നഞ്ചൻകോട് കഴിഞ്ഞ ഉടനെയാണ് സംഭവം. ബസിൽ 44 യാത്രക്കാർ ഉണ്ടായിരുന്നുവെങ്കിലും ഡ്രൈവറുടെയും കണ്ടക്ടറുടെയും സമയോചിത ഇടപെടൽ കാരണം ആർക്കും പരിക്കില്ല.ഇന്ന് പുലർച്ചെ രണ്ട് മണിയോടെയാണ് അപകടം. ബെംഗളൂരുവിൽ നിന്നും കോഴിക്കോടേക്ക് വരികയായിരുന്ന കെ.എൽ. 15 എ 2444 എന്ന സ്വിഫ്റ്റ് ബസ് ആണ് കത്തി നശിച്ചത്. യാത്രക്കാരെ മറ്റൊരു ബസിൽ കോഴിക്കോടേക്ക് കൊണ്ടുപോയി. ഡ്രൈവറുടെ കാബിന് സമീപത്തുനിന്ന് കരിഞ്ഞ മണം ഉയർന്നതിനെ തുടർന്ന് ബസ് നിർത്തി പരിശോധിച്ചപ്പോൾ അടിഭാഗത്തുനിന്ന് തീയും പുകയും ഉയരുന്നത് ശ്രദ്ധയിൽപെടുകയായിരുന്നു. തുടർന്ന് ബസ് ഒതുക്കി യാത്രക്കാരെ പുറത്തിറക്കി. ബസിലുള്ള വെള്ളവും അഗ്നിശമന സംവിധാനവും ഉപയോഗിച്ചെങ്കിലും തീയണക്കാനായില്ലെന്ന് ബസ് ജീവനക്കാർ പറഞ്ഞു.





