തണുപ്പുകാലത്തെ ചായ കുടി അതിരു കടക്കുന്നുണ്ടോ? കാത്തിരിക്കുന്നത് ഗുരുതര ആരോഗ്യ പ്രശ്‌നങ്ങൾ
തണുപ്പുകാലത്ത് ഒരു കപ്പ് ചൂടുചായ നൽകുന്ന ആശ്വാസം തെല്ലൊന്നുമല്ല. കൈകൾക്ക് ചൂടും മനസ്സിന് ഉന്മേഷവും നൽകുന്ന ചായ പലരുടെയും ശൈത്യകാല ദിനചര്യയുടെ അവിഭാജ്യ ഘടകമാണ്. ചായയിലെ സുഗന്ധവും ആവി പറക്കുന്ന ചൂടും തണുപ്പിനെ പ്രതിരോധിക്കാൻ നമ്മെ സഹായിക്കുന്നു. എന്നാൽ, ഈ സുഖകരമായ അനുഭവം പലപ്പോഴും അമിതമായ ചായകുടിയിലേക്ക് നമ്മെ നയിക്കാറുണ്ട്. മിതമായ അളവിൽ ചായ കുടിക്കുന്നത് ആരോഗ്യത്തിന് നല്ലതാണെങ്കിലും, അത് അമിതമായാൽ ഉത്കണ്ഠ, ഉറക്കമില്ലായ്മ, തലവേദന തുടങ്ങിയ പ്രശ്‌നങ്ങൾക്ക് കാരണമായേക്കാം. കൃത്യമായ അളവിൽ ചായ കുടിക്കുന്നത് ശരീരത്തിന് ഒട്ടേറെ ഗുണങ്ങൾ പ്രദാനം ചെയ്യുന്നുണ്ട്. ചായയിൽ അടങ്ങിയിരിക്കുന്ന ഫ്‌ലേവനോയിഡുകൾ, കാറ്റെച്ചിനുകൾ തുടങ്ങിയ ആന്റിഓക്‌സിഡന്റുകൾ ശരീരത്തിലെ ഓക്‌സിഡേറ്റീവ് സ്‌ട്രെസ് കുറയ്ക്കാനും ചിലതരം ക്യാൻസറുകളെ പ്രതിരോധിക്കാനും സഹായിക്കും. ഹൃദ്രോഗം, പക്ഷാഘാതം, ടൈപ്പ്-2 പ്രമേഹം എന്നിവയ്ക്കുള്ള സാധ്യത കുറയ്ക്കാൻ ചായ ശീലമാക്കുന്നത് നല്ലതാണെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു. ചായയിലെ കഫീൻ, എൽ-തിനൈൻ എന്നിവയുടെ സാന്നിധ്യം അമിതമായ അസ്വസ്ഥതകളില്ലാതെ തന്നെ മസ്തിഷ്‌കത്തിന് ഏകാഗ്രതയും ഉന്മേഷവും നൽകുന്നു. കൂടാതെ, ഇഞ്ചി അല്ലെങ്കിൽ പുതിന ചേർത്ത ഹെർബൽ ചായകൾ ദഹനപ്രശ്‌നങ്ങൾ പരിഹരിക്കാനും ശൈത്യകാലത്തെ ജലദോഷം, പനി എന്നിവയ്‌ക്കെതിരെയുള്ള രോഗപ്രതിരോധ ശേഷി വർധിപ്പിക്കാനും ഉത്തമമാണ്. ഇങ്ങനെ ഒട്ടേറെ ഗുണങ്ങൾ ഉണ്ടെങ്കിലും അമിതമായ ചായ കുടി പാർശ്വഫലങ്ങൾക്കും ഇടയാക്കും. ചായയിൽ അടങ്ങിയിരിക്കുന്ന ടാന്നിനുകൾ ഭക്ഷണത്തിൽ നിന്നുള്ള ഇരുമ്പിന്റെ ആഗിരണം തടസ്സപ്പെടുത്താൻ സാധ്യതയുണ്ട്. വിളർച്ചയുള്ളവർക്കും സസ്യഭുക്കുകൾക്കും ഇത് ദോഷകരമായി ബാധിക്കും. ഒരു ദിവസം 400 മില്ലിഗ്രാമിലധികം കഫീൻ ഉള്ളിലെത്തുന്നത് മെലറ്റോണിൻ ഉൽപാദനത്തെ ബാധിക്കുകയും ഉറക്കക്കുറവ്, നെഞ്ചിടിപ്പ് എന്നിവയ്ക്ക് കാരണമാവുകയും ചെയ്യും. വെറും വയറ്റിൽ കടുപ്പമേറിയ ചായ കുടിക്കുന്നത് അസിഡിറ്റിയിലേക്കും തലകറക്കത്തിലേക്കും നയിച്ചേക്കാം. കൂടാതെ, ചായയിലെ ടാന്നിനുകൾ പല്ലുകളിൽ കറയുണ്ടാക്കാനും ചായയോട് ഒരു തരം ആസക്തി ഉണ്ടാക്കാനും സാധ്യതയുണ്ട്. അപ്പോൾ എത്ര കപ്പ് ചായയാണ് ഒരാൾക്ക് സുരക്ഷിതമായി കുടിക്കാവുന്നത് എന്നായിരിക്കാം ചിന്തിക്കുന്നത്. പൊതുവേ, ആരോഗ്യവാനായ ഒരാൾക്ക് ഒരു ദിവസം മൂന്നു മുതൽ നാല് കപ്പ് വരെ ചായ കുടിക്കാവുന്നതാണ്. എന്നാൽ കഫീൻ സെൻസിറ്റിവിറ്റിയുള്ളവരും മറ്റ് ആരോഗ്യപ്രശ്‌നമുള്ളവരും ഇതിന്റെ അളവ് കുറയ്ക്കണം. ഗർഭിണികൾ ഒരു ദിവസം രണ്ട് കപ്പിൽ കൂടുതൽ ചായ കുടിക്കുന്നത് ഒഴിവാക്കണം. ശൈത്യകാലത്ത് ചായ കുടിക്കുമ്പോൾ അമിതമായി പഞ്ചസാരയോ ക്രീമോ ചേർക്കുന്നത് ഒഴിവാക്കാൻ ശ്രദ്ധിക്കണം, കാരണം ഇത് ചായയുടെ ആരോഗ്യഗുണങ്ങൾ ഇല്ലാതാക്കും. അതുപോലെ അമിതമായ ചൂടോടെ ചായ കുടിക്കുന്നത് വായയ്ക്കും തൊണ്ടയ്ക്കും പൊള്ളലേൽക്കാൻ കാരണമാകും. ശൈത്യകാലത്തെ തണുപ്പിനെ അകറ്റാൻ ചായ ഒരു മികച്ച പാനീയം തന്നെയാണെന്നതിൽ തർക്കമില്ല. എന്നാൽ അത് ആരോഗ്യത്തിന് ഭീഷണിയാകാത്ത രീതിയിൽ മിതമായി ഉപയോഗിക്കാൻ നാം ശ്രദ്ധിക്കണം. നിങ്ങളുടെ ശരീരത്തിന്റെ പ്രതികരണം മനസ്സിലാക്കി, ചായയുടെ അളവ് ക്രമീകരിക്കുന്നത് ശൈത്യകാലം കൂടുതൽ ഊർജസ്വലവും ആരോഗ്യകരവുമാക്കാൻ സഹായിക്കും. എന്തെങ്കിലും തരത്തിലുള്ള ശാരീരിക ബുദ്ധിമുട്ടുകൾ അനുഭവപ്പെടുന്നുണ്ടെങ്കിൽ ചായയുടെ അളവ് ഘട്ടം ഘട്ടമായി കുറയ്ക്കുകയും ആവശ്യമെങ്കിൽ ഒരു ആരോഗ്യവിദഗ്ധന്റെ നിർദേശം തേടുകയും ചെയ്യേണ്ടതാണ്.





