വിദ്യാർഥിയെ അധ്യാപകൻ മദ്യം നൽകി പീഡിപ്പിച്ചത് പൊലീസിൽ അറിയിച്ചില്ല; പ്രധാനാധ്യാപികക്ക് സസ്പെൻഷൻ
പാലക്കാട്: മലമ്പുഴയിൽ വിദ്യാർഥിയെ അധ്യാപകൻ മദ്യം നൽകി പീഡിപ്പിച്ച സംഭവത്തിൽ യഥാസമയം പൊലീസിൽ വിവരം അറിയിക്കാത്തതിനാൽ പ്രധാനാധ്യാപികയെ വിദ്യാഭ്യാസ വകുപ്പ് സസ്പെൻഡ് ചെയ്തു. സ്ഥാപനമേധാവി എന്ന നിലയിൽ സംഭവത്തിൽ പ്രധാനാധ്യാപികക്ക് കുറ്റകരമായ വീഴ്ചയുണ്ടായതായി എ.ഇ.ഒ വ്യക്തമാക്കി.പൊലീസ് സ്‌കൂളിൽ എത്തിയപ്പോഴും പ്രധാനാധ്യാപിക കൃത്യമായ വിവരം നൽകാൻ തയാറായില്ലെന്നും പറയുന്നു. ക്ലാസ് ടീച്ചറുടെ വിശദീകരണം തൃപ്തികരമായതിനാൽ അവർക്കെതിരെ നടപടി ഉണ്ടായില്ല. പാലക്കാട് വിദ്യാഭ്യാസ ഉപഡയറക്ടർ സ്‌കൂളിൽ നേരിട്ടെത്തി മാനേജരുടെ മൊഴിയെടുത്തിരുന്നു.കേസിൽ പ്രതിയായ അധ്യാപകൻ കൊല്ലങ്കോട് സ്വദേശി എൽ. അനിൽ നിലവിൽ റിമാൻഡിലാണ്. ഇയാളെ സർവിസിൽനിന്ന് പുറത്താക്കാൻ ജില്ല വിദ്യാഭ്യാസ ഉപഡയറക്ടർ ശിപാർശ നൽകും. പ്രതിക്കെതിരെ സമാനമായ കുറ്റത്തിൽ ആറു കേസുകളാണ് പൊലീസ് രജിസ്റ്റർ ചെയ്തത്. മാനേജരെ അയോഗ്യനാക്കാനുള്ള നടപടികൾ ഒരാഴ്ചക്കകം ആരംഭിക്കുമെന്നാണ് വിവരം.





