നിയമസഭാ തെരഞ്ഞെടുപ്പ്; പരിഗണിക്കേണ്ട നേതാക്കളുടെ പട്ടിക കൈമാറി യൂത്ത് ലീഗ്, പട്ടികയിൽ പി.കെ ഫിറോസ് അടക്കം ആറ് പേർ

കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പിൽ പരിഗണിക്കേണ്ട നേതാക്കളുടെ പട്ടിക കൈമാറി മുസ്‌ലിം യൂത്ത് ലീഗ്. സംസ്ഥാന ജനറൽ സെക്രട്ടറി പി. കെ ഫിറോസ്, ട്രഷറർ പി. ഇസ്മയിൽ, വൈസ് പ്രസിഡന്‍റ് ഫൈസൽ ബാഫഖി തങ്ങൾ ഉൾപ്പെടെ ആറു പേരുടെ പട്ടികയാണ് ലീഗ് നേതൃത്വത്തിന് കൈ മാറിയത്. യൂത്ത് ലീഗ് സംസ്ഥാന പ്രവർത്തക സമിതിയിലാണ് തെരഞ്ഞെടുപ്പിൽ പരിഗണിക്കേണ്ട നേതാക്കളുടെ പട്ടിക തയ്യാറാക്കിയത്. യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി. കെ ഫിറോസിനെ കൂടാതെ അഞ്ചുപേരെ കൂടി സ്ഥാനാർഥി പട്ടികയിൽ ഉൾപ്പെടുത്തണമെന്നാണ് യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റിയുടെ ആവശ്യം. യൂത്ത് ലീഗ് സംസ്ഥാന ട്രഷറർ പി. ഇസ്മയിൽ, സംസ്ഥാന വൈസ് പ്രസിഡന്‍റ് ഫൈസൽ ബാഫഖി തങ്ങൾ, മുൻ മലപ്പുറം നഗരസഭാ ചെയർമാൻ മുജീബ് കാടേരി ഉൾപ്പെടെയുള്ള ആറു പേരടങ്ങിയ പട്ടികയാണ് ലീഗ് നേതൃത്വത്തിന് കൈ മാറിയത്. പാർട്ടിയിലെ സൗമ്യമുഖമായ വയനാട്ടിൽ നിന്നുള്ള പി. ഇസ്മയിലിൻ്റെ മുഖപത്രത്തിലുൾപ്പെടെ നടത്തുന്ന സാഹിത്യ ഇടപെടലുകളും പരിഗണിച്ച് സ്ഥാനാർഥി പട്ടികയിൽ ഉൾപ്പെടുത്തണമെന്നാണ് യൂത്ത് ലീഗിനുള്ളിലെ വികാരം. വയനാട്ടിൽ ലീഗിന് സീറ്റില്ലാത്തതിനാൽ മുൻപ് സ്വീകരിച്ച മാതൃകയിൽ മറ്റൊരു ജില്ലയിൽ പരിഗണിക്കണമെന്നും ആവശ്യമുയർന്നു. വൈറ്റ് ഗാർഡ് ക്യാപ്റ്റൻ കൂടിയായ സംസ്ഥാന വൈസ് പ്രസിഡന്‍റ് ഫൈസൽ ബാഫഖി തങ്ങളെ പരിഗണിച്ചാൽ വൈറ്റ് ഗാർഡിന് നൽകുന്ന അംഗീകാരമെന്ന നിലയിൽ പ്രവർത്തകർക്ക് ആവേശം നൽകുമെന്നും പ്രവർത്തക സമിതി വിലയിരുത്തി. മുൻ മലപ്പുറം നഗരസഭാ ചെയർമാൻ മുജീബ് കാടേരി, യൂത്ത് ലീഗ് നേതാക്കളായ അഷ്റഫ് എടനീർ, ഗഫൂർ കോൽക്കളത്തിൽ എന്നിവരുടെ പേരും യൂത്ത് ലീഗ് പട്ടികയിലുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button