കുഴിയിൽ വീണ് യുവാവ് മരിച്ചതിൽ ബിൽഡർ അറസ്റ്റിൽ; നോയിഡ അതോറിറ്റി സിഇഒയെ സർക്കാർ പുറത്താക്കി
നോയിഡ: നിർമ്മാണത്തിനായി കുഴിച്ച കുഴിയിൽ വീണ് യുവാവ് മരിച്ച സംഭവത്തിൽ നിർമാണകമ്പനി ഉടമയെ അറസ്റ്റ് ചെയ്തു. വിഷ്ടൗൺ പ്ലാനേഴ്സ് പ്രൈവറ്റ് ലിമിറ്റഡ് സ്ഥാപന ഉടമകളിൽ ഒരാളായ അഭയ് കുമാറാണ് പൊലീസ് പിടിയിലായത്. ഉടമകളിൽ മറ്റൊരാൾ മനീഷ് കുമാറിനായി ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയിട്ടുണ്ട്. കേസ് അന്വേഷിക്കാൻ പ്രത്യേക സംഘത്തിനേയും ചുമതലപ്പെടുത്തിയിട്ടുണ്ട്. നോയിഡ അതോറിറ്റി സിഇഒ എം. ലോകേഷിനെ ചുമതലയിൽ നീക്കം ചെയ്തിട്ടുമുണ്ട്. ശനിയാഴ്ച പുലർച്ചെയാണ് വെള്ളം നിറഞ്ഞ് കിടക്കുന്ന കുഴിയിലേക്ക് യുവ സോഫ്റ്റ്വെയർ എൻജിനീയർ യുവരാജ് മേത്ത ഓടിച്ച ഗ്രാന്റ് വിറ്റാരെ കാർ മറിഞ്ഞത്. കനത്ത മഞ്ഞിനെതുടർന്ന് റോഡിൽ നിന്ന് തെന്നിമാറിയ കാർ കുഴിയിലേക്ക് മറിയുകയായിരുന്നു. 20 അടി താഴ്ച ഉണ്ടായിരുന്ന കുഴിയിൽ വെള്ളം കെട്ടി കിടക്കുകയായിരുന്നു. 2021 ൽ നിർമ്മാണ പ്രവർത്തനത്തിനായി കുഴിച്ച കുഴിയാണ്. വർഷങ്ങളായി മൂടാതെ കിടക്കുന്ന കുഴിയിലേക്കാണ് കാർ മറിഞ്ഞത്. മരിച്ച യുവരാജ് മേത്തക്ക് നീന്തൽ അറിയില്ലാർന്നു. കാർ കുഴിയിൽ വീണ് ഒന്നര മണിക്കൂറിലേറെ നേരം ജീവനോടെ ഉണ്ടായിരുന്നു. അപകടം സംഭവിച്ച ഉടൻ യുവരാജ് അച്ഛനെ വിളിച്ചിരുന്നു. യുവരാജിന്റെ അച്ഛൻ ഉൾപ്പടെയുള്ളവർ എത്തി പരിശോധന നടത്തിയെങ്കിലും മൂടൽ മഞ്ഞ് കാരണം കാർ കണ്ടെത്താനായില്ല. തുടർന്ന്, പൊലീസ്, ഫയർഫോഴ്സ്, എസ്ഡിആർഎഫ് സംഘങ്ങൾ എത്തിയപ്പോഴേക്കും യുവരാജ് മരണപ്പെട്ടിരുന്നു. നിർമ്മാണ കുഴിക്ക് ചുറ്റും കൃത്യമായ ബാരിക്കേഡുകളോ അപായ സൂചനകളോ ഉണ്ടായിരുന്നില്ല. ഈ മാസം ആദ്യം ഗുർവീന്ദർ സിംഗ് എന്ന ട്രക്ക് ഡ്രൈവറുടെ വാഹനവും ഇതേ സ്ഥലത്ത് അപകടത്തിൽപ്പെട്ടിരുന്നു. അന്ന് തലനാരിഴയ്ക്കാണ് അദ്ദേഹം രക്ഷപ്പെട്ടത്. റോഡിൽ നിന്ന് വെറും 10 അടി മാത്രം അകലെയാണ് ഈ അപകടക്കുഴി സ്ഥിതി ചെയ്യുന്നത്. യുവരാജിന്റെ പിതാവിന്റെ പരാതിയിൽ വിഷ്ടൗൺ പ്ലാനേഴ്സ്, ലോട്ടസ് ഗ്രീൻസ് എന്നീ കമ്പനികൾക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ വീഴ്ച വരുത്തിയതിന് നോയിഡ അതോറിറ്റിയിലെ ഒരു ജൂനിയർ എൻജിനീയറെ പിരിച്ചുവിടുകയും മറ്റ് ഉദ്യോഗസ്ഥർക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകുകയും ചെയ്തിട്ടുണ്ട്.





