കുന്നംകുളത്ത് സ്വകാര്യ ആശുപത്രിയിൽ ചികിത്സക്കിടെ നവജാത ശിശുവിന്റെ വിരൽ അറ്റു
കുന്നംകുളം: യുവതിയുടെ പ്രസവത്തെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന നവജാത ശിശുവിന്റെ വിരൽ അറ്റു. വെള്ളറക്കാട് വട്ടംപറമ്പിൽ ജിത്തു-ജിഷ്മ ദമ്പതികളുടെ അഞ്ചു ദിവസം മാത്രം പ്രായമായ പെൺകുഞ്ഞിന്റെ വലതുകൈയിലെ തള്ളവിരലാണ് അറ്റത്. ബുധനാഴ്ച പുലർച്ച അഞ്ചരക്കുശേഷം കുന്നംകുളം മലങ്കര ആശുപത്രിയിലാണ് സംഭവം. കഴിഞ്ഞ 16നാണ് ജിഷ്മ പെൺകുഞ്ഞിന് ഈ ആശുപത്രിയിൽ ജന്മം നൽകിയത്. മാസം തികയാത്തതിനാൽ ശാരീരിക അസ്വസ്ഥത ഉണ്ടായിരുന്നു. ചില ദിവസങ്ങളിൽ ഇൻജക്ഷൻ നിർദേശിച്ചിരുന്നു. ഇതേ തുടർന്ന് ഇൻജക്ഷൻ നൽകാനാണ് നഴ്സുമാർ എൻ.ഐ.സിയുവിലേക്ക് കൊണ്ടുപോയത്. എന്നാൽ, മണിക്കൂറുകൾ കഴിഞ്ഞിട്ടും കുഞ്ഞിനെ തിരിച്ചുനൽകാതായതോടെ എൻ.ഐ.സിയുവിൽ എത്തിയപ്പോഴാണ് കുഞ്ഞിന്റെ തള്ളവിരൽ നഖത്തിന് കീഴെ പൂർണമായി അറ്റുപോയതായി അറിയുന്നത്. ഇൻജക്ഷനുവേണ്ടി കൈയിൽ കുത്തിയിരുന്ന കാനൽ ഉറച്ചിരിക്കാൻ കെട്ടിയിരുന്ന ഗോസ് (തുണിക്കഷണം) വെട്ടി മാറ്റുന്നതിനിടയിലായിരുന്നു അപകടം. സംഭവത്തിനുശേഷം അടിയന്തരമായി ശസ്ത്രക്രിയ ചെയ്യാതെ ബന്ധുക്കളുടെ ഒപ്പിനുവേണ്ടി കാലതാമസം വരുത്തിയെന്നും കുറ്റക്കാർക്കെതിരെ നടപടി വേണമെന്നും ദമ്പതികൾ വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു. ഇൻജക്ഷന് അഞ്ചരയോടെ കൊടുത്ത കുഞ്ഞിനെ തിരിച്ചുനൽകാതിരുന്നപ്പോൾ പലതവണ എൻ.ഐ.സി.യുവിന്റെ വാതിലിൽ തട്ടിയിട്ടും മറുപടി തരാതിരുന്നത് ചികിത്സക്കിടെ ജീവനക്കാരുടെ അനാസ്ഥമൂലമുണ്ടായ അപകടം മറച്ചുവെക്കാനായിരുന്നുവെന്നും ബന്ധുക്കൾ കുറ്റപ്പെടുത്തി. ബന്ധുക്കളുടെ അനുമതിയില്ലാതെ ശസ്ത്രക്രിയ നടത്താൻ ഡോക്ടർ തയാറാകാതിരുന്നതിലും കുടുംബാംഗങ്ങൾ ക്ഷുഭിതരായി. ശസ്ത്രക്രിയക്കുശേഷം കുഞ്ഞിനെ ഡിസ്ചാർജ് ചെയ്യാൻ അധികൃതർ നിർബന്ധിച്ചതായും ബന്ധുക്കൾ കുറ്റപ്പെടുത്തി.എന്നാൽ, കൈയിൽ ചുറ്റിയിരുന്ന ഗോസ് (തുണി) മുറിച്ചെടുക്കുമ്പോൾ അറിയാതെ വിരൽ അറ്റുപോയതെന്നാണ് ആശുപത്രി അധികൃതരുടെ ഭാഷ്യം. ജീവനക്കാർക്ക് വീഴ്ചസംഭവിച്ചതായും ആശുപത്രി അധികൃതർ വ്യക്തമാക്കി. സംഭവത്തിൽ ബന്ധുക്കൾ കുന്നംകുളം പൊലീസിലും തൃശൂർ ഡി.എം.ഒക്കും പരാതി നൽകി.





