ദുരഭിമാനക്കൊല: 19കാരിയെ കെട്ടിയിട്ട് ഷോക്കേൽപ്പിച്ച് കൊന്ന് പിതാവും സഹോദരനും

ലഖ്നൗ: ഉത്തർപ്രദേശിൽ പ്രണയത്തിന്റെ പേരിൽ ദുരഭിമാനക്കൊല. അകന്ന ബന്ധുവായ യുവാവിനെ വിവാഹം കഴിക്കണമെന്ന് പറഞ്ഞ 19കാരിയെ പിതാവും സഹോദരനും ചേർന്ന് ഷോക്കേൽപ്പിച്ച് കൊലപ്പെടുത്തി. ​ഗോണ്ട ജില്ലയിലെ തോർഹാൻസ് ജില്ലയിൽ വെള്ളിയാഴ്ചയാണ് സംഭവം. കൊലപാതകത്തിൽ പെൺകുട്ടിയുടെ പിതാവിനെയും സഹോദരനേയും പൊലീസ് അറസ്റ്റ് ചെയ്തു. അകന്ന ബന്ധുവായ ഒരു യുവാവുമായി രണ്ട് വർഷത്തിലേറെയായി പ്രണയത്തിലായിരുന്നു പെൺകുട്ടി. ഇയാളെ വിവാഹം കഴിക്കാനുള്ള ആ​ഗ്രഹം പെൺകുട്ടി വീട്ടുകാരെ അറിയിച്ചെങ്കിലും ഇവർ എതിർത്തു. എന്നാൽ പെൺകുട്ടി തന്റെ തീരുമാനത്തിലുറച്ച് നിന്നു. ഇതോടെ, മകളെ കൊലപ്പെടുത്താൻ മാതാപിതാക്കൾ തീരുമാനിക്കുകയായിരുന്നു. വെള്ളിയാഴ്ച വീട്ടിൽ നിന്ന് പുറത്തേക്ക് പോവാനിറങ്ങിയ പെൺകുട്ടിയെ ഇവർ മുറിയിൽ പൂട്ടിയിട്ടു. തുടർന്ന് കൈകാലുകൾ കട്ടിലിൽ ബന്ധിച്ച ശേഷം വായിൽ തുണി തിരുകുകയും ചെയ്തു. പിന്നാലെ വൈദ്യുതി കേബിളുകൾ ഉപയോ​ഗിച്ച് ഷോക്കേൽപ്പിക്കുകയായിരുന്നു. രക്ഷപെടാനാവാതെ കിടന്ന് പുളഞ്ഞ പെൺകുട്ടിക്ക് സംഭവസ്ഥലത്ത് വച്ച് തന്നെ ജീവൻ നഷ്ടമായി. തുടർന്ന് പെൺകുട്ടി ഷോക്കേറ്റ് മരിച്ചെന്ന് പൊലീസിന് വിവരം ലഭിക്കുകയായിരുന്നെന്ന് എസ്പി വിനീത് ജയ്‌സ്വാൾ പറഞ്ഞു. എന്നാൽ, പൊലീസിന്റെ എമർജൻസി ഹെൽപ് ലൈനിലേക്ക് വന്ന മറ്റൊരു കോളിൽ, പെൺകുട്ടിയെ കൊലപ്പെടുത്തി എന്നായിരുന്നു വിവരം. ഇതോടെ, പൊലീസ് സ്ഥലത്തെത്തി മൃതദേഹം പ്രാഥമിക പരിശോധന നടത്തി പോസ്റ്റ്‌മോർട്ടത്തിനയച്ചു, കേസിൽ അന്വേഷണം ആരംഭിക്കുകയും ചെയ്തു. പോസ്റ്റ്മോർട്ടം റിപ്പോർട്ടിന്റെയും ലഭിച്ച തെളിവുകളുടേയും അടിസ്ഥാനത്തിൽ മരണം കൊലപാതകമെന്ന് വ്യക്തമായി. തുടർന്ന് പെൺകുട്ടിയുടെ ആൺസുഹൃത്തായ പരമേശ്വർ പഥക് നൽകിയ പരാതിയിൽ കൊലക്കേസ് രജിസ്റ്റർ ചെയ്ത പൊലീസ് പിതാവ് ചന്ദ്രപ്രകാശിനെയും സഹോദരൻ‍ രാഹുലിനേയും അറസ്റ്റ് ചെയ്യുകയായിരുന്നു. ചോദ്യം ചെയ്യലിൽ ഇരുവരും കുറ്റം സമ്മതിച്ചു. തങ്ങളുടെ ആ​ഗ്രഹത്തിന് വിരുദ്ധമായി പഥകിനെ വിവാഹം ചെയ്യാൻ മകൾ തീരുമാനിച്ചിരുന്നതായും ഇതാണ് കൊലയ്ക്ക് കാരണമെന്നും ഇവർ പറഞ്ഞു. പിതാവും സഹോദരനും എന്തെങ്കിലും ചെയ്യുമോയെന്ന് പേടിയുണ്ടെന്ന് വ്യക്തമാക്കി പെൺകുട്ടി തനിക്കയച്ച കത്തുകളും പരമേശ്വർ പൊലീസിന് കൈമാറി. പെൺകുട്ടി ഷോക്കേറ്റാണ് മരിച്ചതെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വ്യക്തമായിരുന്നു. എന്നാൽ സ്വാഭാവിക മരണമാണെന്ന് തോന്നാൻ പ്രതികൾ മൃതദേഹത്തിനടുത്ത് ഇസ്തിരിപ്പെട്ടി വച്ചിരുന്നെങ്കിലും പിന്നീട് സത്യം തെളിയുകയായിരുന്നെന്നും എസ്പി വ്യക്തമാക്കി. പ്രതികൾ നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ, കൊലപാതകത്തിന് ഉപയോ​ഗിച്ച മഫ്‌ളർ, ദുപ്പട്ട, എന്നിവയും പെൺകുട്ടിയുടെ മൊബൈൽ ഫോണും ഉൾപ്പെടെയുള്ള തെളിവുകൾ പൊലീസ് കണ്ടെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button