പ്രവാസികൾക്ക് കനത്ത തിരിച്ചടി നൽകി കേന്ദ്ര സർക്കാർ, വിമാന ഇന്ധനനിരക്കും കൂട്ടി; ടിക്കറ്റ് ചാർജ് ഉയർന്നേക്കും
ന്യൂഡൽഹി: വിമാന ഇന്ധനനിരക്കിൽ വർധനയുമായി കേന്ദ്രസർക്കാർ. അന്താരാഷ്ട്ര വിമാനകമ്പനികൾക്കുള്ള എ.ടി.എഫ് നിരക്കിലാണ് കേന്ദ്രം അഞ്ച് ശതമാനം വർധന വരുത്തിയത്. ആഭ്യന്തര വിമാനകമ്പനികളെ നിരക്ക് വർധനവിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. തുടർച്ചയായ രണ്ടാമത്തെ മാസമാണ് വിമാന ഇന്ധനനിരക്കിൽ കമ്പനികൾ വർധന വരുത്തുന്നത്.
76.55 ഡോളറിന്റെ വർധനയാണ് വിമാന ഇന്ധനനിരക്കിൽ കമ്പനികൾ വരുത്തിയിരിക്കുന്നത്. ആഗോള വിപണിയുടെ ചുവടുപിടിച്ചാണ് ഇന്ത്യയിലും ഇന്ധനനിരക്ക് ഉയർത്തിയിരിക്കുന്നത്.
നേരത്തെ വാണിജ്യ പാചകവാതക വിലയും വർധിപ്പിച്ചിരുന്നു. 19 കിലോ ഭാരമുള്ള എൽ.പി.ജി സിലിണ്ടറിന്റെ വിലയിൽ 993 രൂപയുടെ വർധനവാണ് വരുത്തിയിരിക്കുന്നത്. ഇതോടെ രാജ്യതലസ്ഥാനമായ ഡൽഹിയിൽ വാണിജ്യ സിലിണ്ടറിന്റെ വില 3,071.50 രൂപയായി ഉയരും.
മുംബൈയിൽ എൽപിജി വില 2031 രൂപയിൽ നിന്നും 3024 രൂപയായി വർധിച്ചു.
ഗാർഹികസിലിണ്ടറിന്റെ വിലയിൽ കമ്പനികൾ മാറ്റം വരുത്തിയിട്ടില്ല. ഫെബ്രുവരിക്ക് ശേഷം മൂന്ന് തവണയാണ് വാണിജ്യ പാചകവാതക സിലിണ്ടറിന്റെ വില വർധിപ്പിച്ചത്. മാർച്ചിൽ 144 രൂപയുടെ വർധനയുണ്ടായപ്പോൾ ഏപ്രിൽ ഒന്നിന് 200 രൂപയുടെ വർധനയുണ്ടായി. അഞ്ച് കിലോ ഗ്രാം ഗ്യാസ് സിലിണ്ടറിൻ്റെ വില 261 രൂപ കേന്ദ്രസർക്കാർ വർധിപ്പിച്ചിരുന്നു.
വാണിജ്യ പാചകവാതക സിലിണ്ടറിന്റെ വില വർധിച്ച് റസ്റ്ററന്റുകൾ ഉൾപ്പടെയുള്ള സ്ഥലങ്ങളിൽ ഭക്ഷ്യവസ്തുക്കളുടെ വിലവർധനക്ക് ഇടയാക്കും. അതേസമയം, പെട്രോളിൻറേയും ഡീസലിൻറയും റീടെയിൽ വിലയിൽ കമ്പനികൾ മാറ്റം വരുത്തിയിട്ടില്ല. ഇന്ത്യൻ വിമാനകമ്പനികൾക്ക് നൽകുന്ന ഏവിയേഷൻ ഫ്യൂവൽ വിലയിലും കേന്ദ്രസർക്കാർ മാറ്റം വരുത്തിയിട്ടില്ല.





