കാൻസര്‍ കോശങ്ങളെ ചെറുക്കുന്നതില്‍ മുരിങ്ങയില കേമൻ; ഒമാൻ സുല്‍ത്താൻ ഖാബൂസ് യൂണിവേഴ്സിറ്റിയുടെ പഠനം
മസ്കത്ത്: കാൻസർ കോശങ്ങളെ ചെറുക്കുന്നതില്‍ മുരിങ്ങയില സഹായിക്കുമെന്ന് ഒമാനിലെ സുല്‍ത്താൻ ഖാബൂസ് യൂണിവേഴ്സിറ്റിയുടെ പഠനം.
മുരിങ്ങയില സത്ത്, കാൻസർ കോശങ്ങളിലുണ്ടാക്കുന്ന മാറ്റങ്ങളെകുറിച്ചാണ് സംഘം പഠനം നടത്തിയത്. ഖാബൂസ് സർവകലാശാലയിലെ മെഡിസിൻ ആൻഡ് ഹെല്‍ത്ത് സയൻസസ് കോളേജിലെ ഡോ. ഷാദിയ ബിൻത് മുഹമ്മദ് അല്‍ ബഹ്ലാനിയാണ് പഠനത്തിന് നേതൃത്വം നല്‍കിയത്.
സുല്‍ത്താൻ ഖാബൂസ് യൂണിവേഴ്സിറ്റിയിലെ മെഡിസിൻ ആൻഡ് ഹെല്‍ത്ത് സയൻസ് കോളേജും അഗ്രികള്‍ച്ചറല്‍ ആൻഡ് മറൈൻ സയൻസ് കോളേജും സ്വകാര്യ മേഖല സ്ഥാപനങ്ങളുടെ സഹകരണത്തോടെയാണ് പഠനം. ബ്രെസ്റ്റ് കാൻസർ, അണ്ഡാശയ കാൻസർ, ഗ്യാസ്ട്രിക് കാൻസർ എന്നീ കോശങ്ങളില്‍ മുരിങ്ങയില സത്തിന്റെ സ്വാധീനം വിലയിരുത്തുക, അത് ഒരു ആന്റി-കാൻസർ ഏജന്റായി പ്രവർത്തിക്കാനുള്ള സാധ്യത വിശകലനം ചെയ്യുക എന്നിവയായിരുന്നു പഠനത്തിന്റെ പ്രധാന ലക്ഷ്യങ്ങള്‍. അപ്പോപ്ടോസിസ് എന്നറിയപ്പെടുന്ന നിയന്ത്രിക കോശമരണവും മുരിങ്ങിയില സത്ത് ഇതിനെ എങ്ങനെ തടയുന്നു എന്നും സംഘം നിരീക്ഷിച്ചു.
മുരിങ്ങയില സത്തിന്റെ ഉയർന്ന സാന്ദ്രത കാൻസർ കോശങ്ങളുടെ ജീവശേഷി ഗണ്യമായി കുറയ്ക്കുന്നതായി പഠനം വ്യക്തമാക്കുന്നു. ആദ്യഘട്ട കണ്ടെത്തലുകള്‍ ഗവേഷക സംഘത്തിന് പ്രതീക്ഷ നല്‍കുന്നതാണ്. ബ്രെസ്റ്റ് കാൻസറിനേയും അണ്ഡാശയ കാൻസറിനേയും അപേക്ഷിച്ച് ഗ്യാസ്ട്രിക് കാൻസർ കോശങ്ങളിലാണ് മുരിങ്ങയില സത്ത് കൂടുതല്‍ ശക്തമായ പ്രതികരണവും ഉയർന്ന സംവേദനശേഷിയും പ്രകടിപ്പിച്ചതെന്നും ഗവേഷകസംഘം പറയുന്നു. വിശദമായ പഠനത്തിന് ശേഷമായിരിക്കും അന്തിമ പഠനം പ്രസിദ്ധീകരിക്കുക. ഡോ. ഈഥാർ അല്‍ ബർവാനി, ഡോ. സമിയ അല്‍ ജാഇദി, ഡോ. ജമാല്‍ അല്‍ സബാഹി, ഡോ. അസ്സ അല്‍ ഹാഷ്മി എന്നിവരും പഠനത്തില്‍ പങ്കെടുത്തു.





