ചൂട് കൂടി; സംസ്ഥാനത്ത് തൊഴിലാളികളുടെ സമയത്തിൽ മാറ്റം വരുത്തി

തിരുവനന്തപുരം: സംസ്ഥാനത്ത് വേനല്‍ക്കാലം രൂക്ഷമായതിന് പിന്നാലെ തൊഴിലാളികളുടെ തൊഴില്‍ സമയം ക്രമീകരിച്ചു. ഫെബ്രുവരി 12 മുതല്‍ മെയ് 20 വരെയാണ് ക്രമീകരണം. പകല്‍ സമയത്ത് താപനില ക്രമാതീതമായി ഉയരുന്ന സാഹചര്യത്തിലാണ് സമയം ക്രമീകരിച്ചത്. വെയിലത്ത് പണിയെടുക്കുന്ന തൊഴിലാളികള്‍ക്ക് സൂര്യാഘാതം ഏല്‍ക്കുന്നതിനുള്ള സാഹചര്യമുണ്ടെന്നതിനാലാണ് നടപടി. നിര്‍ദേശങ്ങള്‍ പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും ഇത് സംബന്ധിച്ച വ്യവസ്ഥകള്‍ നിശ്ചയിച്ചുകൊണ്ടും ലേബര്‍ കമ്മിഷണര്‍ ഉത്തരവിട്ടു. ഉത്തരവിന്റെ അടിസ്ഥാനത്തില്‍ കണ്‍സ്ട്രക്ഷന്‍ സൈറ്റുകള്‍ക്കും റോഡ് നിര്‍മ്മാണ മേഖലക്കും പ്രത്യേകം പരിഗണന നല്‍കിക്കൊണ്ട് ജില്ലാ ലേബര്‍ ഓഫീസറുടെയോ ഡെപ്യൂട്ടി ലേബര്‍ ഓഫീസറുടെയോ അസിസ്റ്റന്റ് ലേബര്‍ ഓഫീസറുടെയോ നേതൃത്വത്തിൽ ദിവസേനയുള്ള പരിശോധനക്കായി ടീമുകൾ രൂപീകരിക്കും. ഈ ടീമുകള്‍ ബന്ധപ്പെട്ട മേഖലകളില്‍ എല്ലാ ദിവസവും പരിശോധന നടത്തുമെന്നും ലേബര്‍ കമ്മിഷണറുടെ ഉത്തരവില്‍ പറയുന്നു. മറ്റ് വിവിധ തൊഴില്‍ മേഖലകളിലും പരിശോധന നടത്തണം. പകല്‍ സമയം വെയിലത്ത് ജോലി ചെയ്യുന്ന എല്ലാ തൊഴിലാളികള്‍ക്കും ഉച്ചക്ക് 12 മണി മുതല്‍ ഉച്ചതിരിഞ്ഞ് മൂന്ന് മണി വരെ വിശ്രമവേളയായിരിക്കും. ഇവരുടെ ജോലി സമയം രാവിലെ ഏഴ് മണി മുതല്‍ വൈകുന്നേരം ഏഴ് മണി വരെയുള്ള സമയത്തിനുള്ളില്‍ എട്ട് മണിക്കൂറായി നിജപ്പെടുത്തയിട്ടുണ്ട്. ഷിഫ്റ്റ് വ്യവസ്ഥയില്‍ ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്ക് രാവിലത്തെ ഷിഫ്റ്റ് ഉച്ചക്ക് മണിക്ക് അവസാനിക്കുന്ന തരത്തിലും ഉച്ചക്ക് ശേഷമുള്ള ഷിഫ്റ്റ് വൈകുന്നേരം മൂന്ന് മണിക്ക് ആരംഭിക്കുന്ന തരത്തിലുമാണ് ക്രമീകരിച്ചിട്ടുള്ളത് സമുദ്രനിരപ്പില്‍ നിന്ന് 3,000 അടിയില്‍ കൂടുതല്‍ ഉയരമുള്ളതും സൂര്യാഘാതത്തിന് സാധ്യതയില്ലാത്തതുമായ മേഖലകൾക്ക് ഈ ഉത്തരവ് ബാധകമല്ല. 1958 ലെ കേരള മിനിമം വേജസ് ചട്ടം 24, 25 ലെ വ്യവസ്ഥകള്‍ പ്രകാരമാണ് സംസ്ഥാനത്ത് വെയിലത്ത് ജോലി ചെയ്യുന്ന തൊഴിലാളികളുടെ തൊഴില്‍ സമയം ക്രമീകരിച്ചിരിക്കുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button