KL07DF 3177; കുഞ്ഞ് ആലിന്റെ അവയവങ്ങളുമായി ആംബുലൻസ് കുതിച്ച് തുടങ്ങി; കോട്ടയം വഴി തിരുവനന്തപുരത്തേക്ക്

കൊച്ചി: സംസ്ഥാനത്തെ ഏറ്റവും പ്രായംകുറഞ്ഞ അവയവദാതാവായി മാറി, നാലുപേരിലേക്ക് പുതുജീവൻ പകർന്ന പത്തു മാസക്കാരി ആലിൻ ഷെറിന്റെ അവയവങ്ങളുമായി ആംബുലൻസ് യാത്ര തുടങ്ങി. ​കൊച്ചി അമൃത ആശുപത്രിയിൽ നിന്നും ആലിന്റെ അവയവങ്ങൾ വഹിച്ച് KL07DF 3177 നമ്പർ ആംബുലൻസ് യാത്രപുറപ്പെട്ടു. ​വെള്ളിയാഴ്ച രാത്രി 7.15ഓടെയാണ് അമൃത ആശുപത്രിയിൽ നിന്നും ആംബുലൻസ് യാത്ര ആരംഭിച്ചത്. കൊച്ചിയിൽ നിന്നും പുറപ്പെട്ട്, കുന്നുംപുറം, ഇടപ്പള്ളി, ഏറ്റുമാനൂർ, കോട്ടയം വഴിയാണ് തിരുവനന്തപുരത്തേക്ക് യാത്രചെയ്യുന്നത്. അതിവേഗത്തിൽ ലക്ഷ്യ സ്ഥാനങ്ങളിലെത്തിച്ചേരാനായി വഴിനീ​ളെ യാത്രാ സൗകര്യങ്ങൾ പൊലീസ് ഒരുക്കിയിട്ടുണ്ട്. പൊതുജനങ്ങൾ പരമാവധി സഹകരിക്കണമെന്ന് അധികൃതർ ആവശ്യപ്പെട്ടു.വൃക്കകൾ, കരൾ, ഹൃദയവാൽവ് എന്നിവയാണ് കുട്ടികൾ ഉൾപ്പെടെ നാലു പേർക്ക് പുതുജീവനായി മാറുന്നത്. കഴിഞ്ഞ ഫെബ്രുവരി അഞ്ചിന് ഉച്ചയ്ക്ക് 2.30-ഓടെ എം.സി. റോഡിൽ പള്ളം ബോർമ കവല ജംഗ്ഷനിലുണ്ടായ അപകടത്തിലാണ് ആലിൻ ഷെറിന് പരിക്കേറ്റത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ കുഞ്ഞിനെ ചങ്ങനാശ്ശേരിയിലും തിരുവല്ലയിലുമുള്ള ആശുപത്രികളിൽ പ്രവേശിപ്പിച്ചു. തുടർന്ന് വിദഗ്ധ ചികിത്സക്കായി ഫെബ്രുവരി ആറിന് രാത്രിയോടെയാണ് കൊച്ചി അമൃത ആശുപത്രിയിൽ എത്തിച്ചു. എന്നാൽ ഡോക്ടർമാരുടെ തീവ്രശ്രമങ്ങൾക്കും ആ കുഞ്ഞിനെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാനായില്ല. കഴിഞ്ഞ ദിവസം ഉച്ചയോടെ ഡോക്ടർമാർ മസ്തിഷ്കമരണം സ്ഥിരീകരിക്കുകയായിരുന്നു. തുടർന്നാണ് രക്ഷിതാക്കൾ അവയവദാനത്തിന് സന്നദ്ധത അറിയിച്ചത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button