തിരുവനന്തപുരത്ത് വീട് കുത്തി തുറന്ന് വൻ മോഷണം; 27 പവൻ സ്വർണവും 35,000 രൂപയും കവർന്നു
തിരുവനന്തപുരം: തിരുവനന്തപുരം ധനുവച്ചപുരത്ത് വീട് കുത്തി തുറന്ന് വൻ മോഷണം. 27 പവൻ സ്വർണവും 35,000 രൂപയുമാണ് മോഷണം പോയത്. ധനുവച്ചപുരം സ്വദേശി ഷാജുവിന്റെ വീട്ടിലാണ് മോഷണം നടന്നത്. വ്യാഴാഴ്ച രാത്രിയാണ് മോഷണം നടന്നതെന്നാണ് നിഗമനം. വിഴിഞ്ഞത്തുള്ള മകളുടെ വീട്ടിൽ പോയിരുന്ന ഷാജുവും കുടുംബവും വെള്ളിയാഴ്ച രാവിലെയാണ് മോഷണം നടന്നതായി കണ്ടെത്തിയത്. വീട്ടിൽ സ്ഥാപിച്ചിരുന്ന സിസിടിവിയിൽ ദൃശ്യങ്ങൾ ലഭ്യമല്ലെന്ന് കണ്ടതോടെ സമീപത്ത് താമസിക്കുന്ന ഷാജുവിന്റെ സഹോദരനെ വിവരമറിയിക്കുകയും തുടർന്ന് നടത്തിയ പരിശോധനയിലാണ് മോഷണം നടന്നതായി കണ്ടെത്തുന്നത്. പാറശാല പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.





