രണ്ട് കൈയും കെട്ടിയ നിലയിൽ തീരക്കടലിൽ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി
കഴക്കൂട്ടം : രണ്ട് കൈയും കെട്ടിയ നിലയിൽ വേളി തീരക്കടലിൽ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി.രണ്ടു ദിവസം പഴക്കം തോന്നിക്കും. രണ്ട് കൈയും മുണ്ടുകൊണ്ട് കെട്ടിയ നിലയിലാണ്. ശനിയാഴ്ച രാവിലെ വേളിയിൽനിന്ന് മത്സ്യബന്ധനത്തിന് പോയവരാണ് 55 വയസ്സിലേറെ പ്രായം തോന്നിക്കുന്ന മൃതദേഹം തീരക്കടലിൽ ഒഴുകുന്നത് കണ്ടത്. അവർ തുമ്പ പൊലീസിനെ വിവരം അറിയിച്ചു. പൊലീസ് മത്സ്യത്തൊഴിലാളികളുടെ സഹായത്തോടെ മൃതദേഹം കരയിൽ എത്തിച്ചു.മൃതദേഹം മെഡിക്കൽ കോളജ് മോർച്ചറിയിലേക്കു മാറ്റി. കൈവിരലിൽ വോട്ട് രേഖപ്പെടുത്തിയ മഷിയും കഴുത്തിൽ കൊന്തയുമുണ്ട്. കൊലപാതകം ആകാനുള്ള സാധ്യത പൊലീസ് സംശയിക്കുന്നു. എന്നാൽ കൈകൾ തമ്മിൽ ഏതാണ്ട് അരമീറ്ററോളം വ്യത്യാസത്തിലാണ് മുണ്ട് ഉപയോഗിച്ച് കെട്ടിരിക്കുന്നത് എന്നതിനാൽ ആത്മഹത്യയാകാനുള്ള സാധ്യതയും പൊലീസ് തള്ളുന്നില്ല. പൊലീസിനു പുറമേ ഫോറൻസിക്ക് വകുപ്പുകാരും തെളിവെടുപ്പു നടത്തി. അസ്വാഭാവിക മരണത്തിന് തുമ്പ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.





