പോലീസ് വേഷത്തിൽ വീണ്ടും കുഞ്ചാക്കോ ബോബന്; ഉന്മാദം ഫസ്റ്റ് ലുക്ക് പുറത്ത്

പനോരമ സ്റ്റുഡിയോസിന്റെ മലയാളത്തിലെ മൂന്നാമത്തെ നിര്‍മാണ സംരംഭത്തിന്റെ ടൈറ്റില്‍ പ്രഖ്യാപിച്ചു. ‘ഉന്മാദം’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ കുഞ്ചാക്കോ ബോബനും ലിജോമോള്‍ ജോസുമാണ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്. ടി സീരീസും പനോരമ സ്റ്റുഡിയോസും സംയുക്തമായി അവതരിപ്പിക്കുന്ന ചിത്രത്തിന്റെ സംവിധാനം മലയാള സിനിമയിലെ ഏറ്റവും ശ്രദ്ധേയരായ എഡിറ്റര്‍മാരില്‍ ഒരാളായ കിരണ്‍ ദാസാണ്. ആഗസ്റ്റ് ഏഴിനാണ് ചിത്രം തിയറ്ററുകളില്‍ എത്തുക.കുടുംബജീവിതത്തിലെ പ്രതിസന്ധികളിലൂടെ കടന്നുപോകുന്ന ഒരു പോലീസ് കോണ്‍സ്റ്റബിള്‍, അമാനുഷിക സ്വഭാവമുണ്ടെന്ന് വിശ്വസിക്കപ്പെടുന്ന, കാലങ്ങളായി തെളിയിക്കപ്പെടാത്ത ഒരു കേസ് പുനരന്വേഷിക്കുന്നതാണ് സിനിമയുടെ ഇതിവൃത്തം. അന്വേഷണം പുരോഗമിക്കുന്തോറും നിഗൂഢതകള്‍ വര്‍ധിക്കുകയും, യാഥാര്‍ഥ്യവും മിഥ്യയും തമ്മിലുള്ള അതിര്‍വരമ്പുകള്‍ മാഞ്ഞുപോവുകയും ചെയ്യുന്ന ചിത്രമായിരിക്കും എന്ന സൂചനയാണ് അണിയറപ്രവര്‍ത്തകര്‍ നല്‍കുന്നത്.ദേശീയ പുരസ്കാര ജേതാവായ ഷാഹി കബീറാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ‘ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി’ക്ക് ശേഷം കുഞ്ചാക്കോ ബോബനും ഷാഹി കബീറും വീണ്ടും ഒന്നിക്കുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. സിദ്ദിഖ്, സുധീഷ്, വിശാഖ് നായര്‍, സാബു മോന്, കോട്ടയം നസീര്‍, ഗോകുലന്, അരുണ്‍ ചെറുകാവില്‍, ഉണ്ണി ലാലു, ഷാജു ശ്രീധര്‍, കൃഷ്ണപ്രഭ, കിരണ്‍ പീതാംബരന്, വിഷ്ണു, റെയ്ന രാധാകൃഷ്ണന്, സിജോയ് വര്‍ഗീസ്, വിഘ്നേശ്വര്‍ സുരേഷ് തുടങ്ങിയ വന്‍ താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നു.ടി സീരീസ് ചെയര്മാന് ഭൂഷണ് കുമാറും പനോരമ സ്റ്റുഡിയോസ് ചെയര്മാന് കുമാര്‍ മംഗത് പഥക്കും ചിത്രത്തില്‍ വലിയ പ്രതീക്ഷ പ്രകടിപ്പിച്ചു. മലയാള സിനിമയില്‍ തങ്ങളുടെ സാന്നിധ്യം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് വലിയ ബജറ്റില്‍ ഈ ചിത്രം ഒരുക്കുന്നതെന്ന് പനോരമ സ്റ്റുഡിയോസ് വ്യക്തമാക്കി. മുമ്പ് പറയാത്ത രീതിയിലുള്ള കഥ പറയുന്ന സിനിമകളെ പിന്തുണയ്ക്കുന്നതില്‍ അഭിമാനിക്കുന്നുവെന്ന് ചിത്രം അവതരിപ്പിച്ചുകൊണ്ട് ടി സീരീസിന്റെ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഭൂഷണ് കുമാര്‍ പറഞ്ഞു. പ്രേക്ഷകരില്‍ പിരിമുറുക്കം സൃഷ്ടിക്കുന്ന ഒരു സിനിമയാകും ഇതെന്ന് പനോരമ സ്റ്റുഡിയോസ് ചെയര്മാന് കുമാര്‍ മംഗത് പഥക് പറഞ്ഞു. ഗുല്‍ഷന്‍ കുമാര്‍, ഭൂഷണ് കുമാര്‍, ടി സീരീസ് ഫിലിംസ്, പനോരമ സ്റ്റുഡിയോസ് എന്നിവര്‍ ചേര്‍ന്ന് അവതരിപ്പിക്കുന്ന ‘ഉന്മാദം’ നിര്‍മാണം നിര്‍വഹിക്കുന്നത് കുമാര്‍ മംഗത് പഥക്, അഭിഷേക് പഥക് എന്നിവര്‍ ചേര്‍ന്നാണ്. റാം മിര്‍ച്ചന്ദാനി, രാജേഷ് മേനോന് എന്നിവര്‍ സഹനിര്‍മാതാക്കളും അഭിനവ് മെഹ്റോത്ര ക്രിയേറ്റീവ് പ്രൊഡ്യൂസറുമാണ്.മികച്ച എഡിറ്റര്‍ക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ഇഷ്ക് എന്ന ചിത്രത്തിലൂടെ കരസ്ഥമാക്കിയ കിരണ്‍ ദാസ്, തൊണ്ടിമുതലും ദൃക്സാക്ഷിയും, ജോജി, മൂത്തോന്, രോമാഞ്ചം, റോഷാക്ക്, ജോസഫ്, ഇലവീഴാ പൂഞ്ചിറ എന്നിങ്ങനെ നിരവധി ചിത്രങ്ങളുടെ എഡിറ്ററാണ്. സംവിധാനത്തിന് പുറമെ ഉന്മാദത്തിന്റെയും എഡിറ്റിംഗും കിരണ്‍ദാസാണ്. ഛായാഗ്രഹണം: അര്ജുന് സേത്ത്, സംഗീതം: മുജീബ് മജീദ്, പ്രൊഡക്ഷന്‍ ഡിസൈനര്‍: ദിലീപ് നാഥ്, വസ്ത്രാലങ്കാരം: ഗായത്രി കിഷോര്‍, മേക്കപ്പ്: റോണക്സ് സേവ്യര്‍, സൗണ്ട് ഡിസൈന്‍: ജിതിന് ജോസഫ്, വിഎഫ്എക്സ്: എഗ്് വൈറ്റ് വിഎഫ്എക്സ്, പ്രൊഡക്ഷന്‍ കണ്ട്രോളര്: ഷബീര്‍ മലവട്ടത്ത്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍: വിനോദ് രാഘവന്, അസോസിയേറ്റ് പ്രൊഡ്യൂസര്‍: കമലേഷ് കുമാര്‍, സ്റ്റില്‍സ്: നന്ദു ഗോപാലകൃഷ്ണന്, പബ്ലിസിറ്റി ഡിസൈന്‍സ്: ഓള്‍ഡ്മോങ്ക്സ്. പിആര്‍ഒ: ആതിര ദില്‍ജിത്ത്.



