2026-ലെ നിയമസഭാ തെരഞ്ഞെടുപ്പ് :യുവനിരയെ എല്ലാം വെട്ടിനിരത്തി സി.പി.എം സ്ഥാനാർഥി പട്ടിക
കോഴിക്കോട് : 2026-ലെ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സി.പി.എം. സ്ഥാനാർഥിപ്പട്ടിക പുറത്തുവരുമ്പോൾ പാർട്ടിയിലെ മുൻനിര യുവനേതാക്കൾക്ക് കനത്ത തിരിച്ചടി. സി.പി.എം സെക്രട്ടറിയേറ്റ് മെമ്പർ എം.സ്വരാജ്, നിലവിലെ സ്പീക്കറായ എ.എൻ. ഷംസീർ, ഡി.വൈ.എഫ്,ഐ സംസ്ഥാന പ്രസിഡന്റ് വി.വസീഫ്, എസ്.എഫ്.ഐ മുൻ ദേശീയ പ്രസിഡന്റ് വി.പി. സാനു, എസ്.എഫ്.ഐ മുൻ സംസ്ഥാന സെക്രട്ടറി പി.എം ആർഷോ, വനിത യുവജന നേതാവ് ചിന്താ ജെറോം തുടങ്ങിയവർക്കൊന്നും ഇത്തവണ സ്ഥാനാർഥി പട്ടികയിൽ ഇടമില്ല. ഇവർക്ക് പുറമെ ചാനൽ ചർച്ചകളിലെ പാർട്ടി മുഖങ്ങളായ ജെയ്ക് സി. തോമസ്, കെ.എസ്. അരുൺ കുമാർ, തിരുവന്തപുരം കോർപറേഷൻ മുൻ മേയർ ആര്യ രാജേന്ദ്രൻ, എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി എം.ശിവപ്രസാദ് എന്നിവരും ഇത്തവണ തെരഞ്ഞെടുപ്പ് ഗോദയിൽ ഇല്ല. തദ്ദേശ തെരഞ്ഞെടുപ്പിൽ യുവാക്കൾക്ക് പ്രതിനിധ്യം നൽകണമെന്നും യുവതലമുറ കടന്നുവരണമെന്നുമായിരുന്നു സി.പി.എം പറഞ്ഞിരുന്നത്. എന്നാൽ ഡി.വൈ.എഫ്,ഐ സംസ്ഥാന സെക്രട്ടറി വി.കെ സനോജ്, എസ്.എഫ്.ഐ മുൻ സംസ്ഥാന സെക്രട്ടറിയും ബാലുശ്ശേരി എം.എൽ.എയുമായ സച്ചിൻദേവ് എന്നിവർക്കാണ് ഇത്തവണ മത്സരിക്കാൻ അവസരം കിട്ടിയത്. മൂന്നാം ടേമിലും ഭരണം പിടിക്കുകയെന്ന ലക്ഷ്യവുമായാണ് സി.പി.എം മത്സരത്തിനിറങ്ങുന്നത്. അതിനാൽ കഴിഞ്ഞ തവണ വിജയിച്ച് എം.എ.എമാരെ തന്നെയാണ് ഇത്തവണയും കൂടുതലും രംഗത്തിറക്കിയത്. 56 സിറ്റിങ് എം.എൽ.എമാരാണ് ഇത്തവണയും മത്സരിക്കുന്നത്.പാർട്ടി വേദികളിലും സോഷ്യൽ മീഡിയയിലും നിറഞ്ഞുനിന്നിരുന്ന യുവ നേതാക്കളെ പരിഗണിക്കാത്തത് സോഷ്യൽ മീഡിയയിലും ചർച്ചയായിട്ടുണ്ട്. കഴിഞ്ഞ കുറച്ചു കാലങ്ങളായി സി.പി.എമ്മിന്റെ ആശയപ്രചാരണത്തിലും തെരഞ്ഞെടുപ്പ് പോരാട്ടങ്ങളിലും മുൻപന്തിയിലുണ്ടായിരുന്നവരാണ് ഈ യുവനിര. വിദ്യാർത്ഥി-യുവജന പ്രസ്ഥാനങ്ങളിലൂടെ വളർന്നുവന്ന ഇവർക്ക് സീറ്റ് നിഷേധിക്കപ്പെട്ടത് എന്ത് കൊണ്ടാണെന്നാണ് പലരും ചോദിക്കുന്നത്. ജെയ്ക് സി. തോമസിനെപ്പോലെ ശക്തമായ മണ്ഡലങ്ങളിൽ മത്സരിക്കാൻ സാധ്യത കൽപ്പിച്ചിരുന്നവരെയും, എം. സ്വരാജിനെപ്പോലെ വാഗ്മികളായ നേതാക്കളെയും ഒഴിവാക്കിയത് അണികളിൽ കടുത്ത അമർഷത്തിന് ഇടയാക്കിയിട്ടുണ്ട്. മണ്ഡലങ്ങളിലെ പ്രാദേശിക ഘടകങ്ങളുടെ അഭിപ്രായം മാനിക്കാതെ മുകളിൽ നിന്ന് എടുത്ത തീരുമാനമാണിതെന്ന ആക്ഷേപവും ഉയരുന്നുണ്ട്. സിറ്റിങ് എം.എൽ.എമാർക്കും മുൻ മന്ത്രിമാർക്കും വീണ്ടും പരിഗണന നൽകുമ്പോൾ, യുവനേതാക്കളെ തഴഞ്ഞത് വോട്ടർമാരെ എങ്ങനെ ബാധിക്കുമെന്നതാണ് എൽ.ഡി.എഫ് കേന്ദ്രങ്ങളെ ഇപ്പോൾ അലട്ടുന്ന പ്രധാന ആശങ്ക.





