നിയമ സഭാ തിരെഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വഴിക്കടവ് അതിര്‍ത്തിയിൽ സ്പെഷല്‍ ചെക്ക് പോസ്റ്റ് പ്രവർത്തനം ഊർജിതം

വഴിക്കടവ്: നിയമസഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കേരള-തമിഴ്നാട് അതിര്‍ത്തിയായ വഴിക്കടവ് ആനമറിയില്‍ അന്തര്‍സംസ്ഥാന പാതയില്‍ പരിശോധന ഊര്‍ജിതമാക്കി. വഴിക്കടവ് പൊലീസ് ഇന്‍സ്പെക്ടറുടെ നേതൃത്വത്തിലാണ് ചുരം പാതയുടെ വിവിധ ഭാഗങ്ങളിലായി പൊലീസ്, വനം, എക്സൈസ്, മോട്ടോർ വാഹന വകുപ്പുകളുടെ സംയുക്ത പരിശോധന നടക്കുന്നത്. ഇതര സംസ്ഥാനങ്ങളില്‍നിന്നുള്ള കള്ളപ്പണം, ലഹരി ഇറക്കുമതി എന്നിവ തടയുകയാണ് ലക്ഷ്യം. പരിശോധനയില്‍ കാറില്‍ രൂപമാറ്റം വരുത്തിയ കൊയിലാണ്ടി സ്വദേശികള്‍ക്ക് പിഴ ഈടാക്കുകയും ചെയ്തു. ആംബുലന്‍സില്‍ ഉപയോഗിക്കുന്ന ഹോണ്‍ ഘടിപ്പിക്കുകയും സൈലന്‍സറിന് രൂപമാറ്റം വരുത്തുകയും പൊലൂഷന്‍ സര്‍ട്ടിഫിക്കറ്റ് ഇല്ലാത്തതിനുമാണ് പിഴ ഈടാക്കിയത്. കൂടാതെ, കെ.എന്‍.ജി റോഡില്‍ ആനമറി വനം, എക്സൈസ് ചെക്ക്പോസ്റ്റുകള്‍ക്കു സമീപം പൊലീസിന്റെ 24 മണിക്കൂർ സ്പെഷല്‍ ചെക്ക്പോസ്റ്റിന്റെ പ്രവര്‍ത്തനവും നടക്കുന്നുണ്ട്. മേഖലയിലെ വിവിധ സ്റ്റേഷനുകളില്‍നിന്നുള്ള ഒരു എസ്.ഐയുടെ നേതൃത്വത്തില്‍ പൊലീസുകാരും സായുധ സേനാംഗങ്ങളുമാണ് ഇവിടെയുള്ളത്.




