വിജയത്തിനൊപ്പം ഇരട്ടി മധുരം; മറ്റാര്‍ക്കുമില്ലാത്ത നേട്ടത്തില്‍ മുംബൈ

2026 ഐ.പി.എല്ലില്‍ കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ തകര്‍പ്പന്‍ വിജയം സ്വന്തമാക്കിയിരുന്നു. വാംഖഡെ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ആറ് വിക്കറ്റിനായിരുന്നു ടീമിന്റെ വിജയം.
കൊല്‍ക്കത്ത ഉയര്‍ത്തിയ 221 റണ്‍സിന്റെ വിജയലക്ഷ്യം മുംബൈ അഞ്ച് പന്തുകള്‍ ബാക്കി നില്‍ക്കെ മറികടക്കുകയായിരുന്നു. ഓപ്പണര്‍മാരായ റയാന് റിക്കില്‍ട്ടണിന്റെയും രോഹിത് ശര്‍മയുടെയും അര്‍ധ സെഞ്ച്വറി കരുത്തിലാണ് ടീം വിജയിച്ചത്.
മുംബൈ ഇന്ത്യൻസ്. IndianPremierLeague/x.com
ഈ മത്സരത്തില്‍ ജയിച്ചതോടെ ഒരു സൂപ്പര്‍ നേട്ടവും മുംബൈയ്ക്ക് സ്വന്തമാക്കാന്‍ സാധിച്ചു. ഐ. പി. എല്ലില്‍ ഒരു എതിരാളികള്‍ക്കെതിരെ 25 വിജയങ്ങള്‍ നേടിയ ആദ്യ ടീമെന്ന നേട്ടമാണ് മുന്‍ ചാമ്പ്യന്മാര് സ്വന്തമാക്കിയത്.
ഐ.പി.എല്ലില്‍ ഒരു എതിരാളിക്കെതിരെ ഏറ്റവും കൂടുതല്‍ വിജയങ്ങള്‍ നേടിയ ടീം
(ടീം – എതിരാളി – വിജയം എന്നീ ക്രമത്തില്‍)
മുംബൈ ഇന്ത്യന്‍സ് – കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് – 25
ചെന്നൈ സൂപ്പര്‍ കിങ്സ് – റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു – 22
മുംബൈ ഇന്ത്യന്‍സ് – ചെന്നൈ സൂപ്പര്‍ കിങ്സ് – 21
മുംബൈ ഇന്ത്യന്‍സ് – ദല്‍ഹി ക്യാപിറ്റല്‍സ് – 21
കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് – പഞ്ചാബ് കിങ്സ് – 21
മത്സരത്തില്‍ മുംബൈക്കായി റിക്കില്‍ട്ടണ്‍ 43 പന്തില്‍ 81 റണ്‍സും രോഹിത് 38 പന്തില്‍ 78 റണ്‍സും സ്കോര്‍ ചെയ്തു. ഒപ്പം തിലക് വര്‍മ (14 പന്തില്‍ 20), ഹര്‍ദിക് പാണ്ഡ്യ (11 പന്തില്‍ 18*), സൂര്യകുമാര്‍ യാദവ് (എട്ട് പന്തില്‍ 16) എന്നിവരും സ്കോര്‍ ബോര്‍ഡിലേക്ക് ചേര്‍ത്തു.
റയാൻ റിക്കിൽട്ടണും രോഹിത് ശർമയും.
കൊല്‍ക്കത്തക്കായി സുനില്‍ നരെയ്ന്, കാര്‍ത്തിക് ത്യാഗി, വൈഭവ് അറോറ എന്നിവര്‍ ഓരോ വിക്കറ്റുകള്‍ വീതം വീഴ്ത്തി.
നേരത്തെ, മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത കൊല്‍ക്കത്തന്‍ നിരയില്‍ ക്യാപ്റ്റന്‍ അജിന്‍ക്യ രഹാനെയും യുവതാരം അംഗ്രിഷ് രഘുവംശിയും അര്‍ധ സെഞ്ച്വറി നേടി. രഹാനെ 40 പന്തില്‍ 67 റണ്‍സെടുത്തപ്പോള്‍ രഘുവംശി 29 പന്തില്‍ 51 റണ്‍ സും സ്കോര്‍ ചെയ്തു. ഒപ്പം ഫിന് അലന് (17 പന്തില്‍ 37) റിങ്കു സിങ് (21 പന്തില്‍ 33*) എന്നിവരും മികച്ച പ്രകടനം നടത്തി.
ബൗളിങ്ങില്‍ മുംബൈക്കായി ഷര്‍ദുല്‍ താക്കൂര്‍ മൂന്ന് വിക്കറ്റുകളെടുത്തപ്പോള്‍ ഹര്‍ദിക് ഒരു വിക്കറ്റും സ്വന്തമാക്കി.




