ഇത് നമുക്ക് വളരെയധികം പ്രയാസം ഉണ്ടാക്കുന്ന നീക്കം’ -എഫ്.സി.ആർ.എ നിയമഭേദഗതിയിൽ കേന്ദ്ര സർക്കാറിനെതിരെ ഓർത്തഡോക്സ് സഭ, പ്രതിഷേധവുമായി കത്തോലിക്ക സഭ അടക്കം മറ്റ് ഇതര ക്രൈസ്തവ സഭകളും
‘
കൊച്ചി: എഫ്.സി.ആർ.എ നിയമഭേദഗതിയിൽ പ്രതിഷേധവുമായി ക്രൈസ്തവ സഭകൾ. ആശങ്ക അറിയിച്ച് പ്രധാനമന്ത്രിക്ക് കത്തയച്ചതായി ഓർത്തഡോക്സ് സഭ അധ്യക്ഷൻ ബെസേലിയസ് മാത്യൂസ് ത്രിതീയൻ കാത്തോലിക്ക ബാവ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. സംഘടനകൾക്കും സ്ഥാപനങ്ങൾക്കും വിദേശ സംഭാവന സ്വീകരിക്കുന്നതിനുള്ള അനുമതി റദ്ദാക്കപ്പെട്ടാൽ അവയുടെ സ്വത്ത് കണ്ടുകെട്ടാൻ വ്യവസ്ഥ ചെയ്യുന്നതാണ് എഫ്.സി.ആർ.എ ഭേദഗതി ബിൽ.‘ഇത് നമുക്ക് വളരെയധികം പ്രയാസം ഉണ്ടാക്കുന്ന ഒരു രീതിയാണ്. കേന്ദ്രസർക്കാരിന്റെ യഥാർത്ഥ മുഖമാണോ ഇതിലൂടെ പുറത്തുവരുന്നത് എന്ന് പറയാൻ ഒക്കത്തില്ല. പുതിയ നിയമം ഉണ്ടാക്കുന്നതോടുകൂടി സഭകൾ വളരെയധികം ആശങ്കയിൽ ആകുന്നുണ്ട്. കേന്ദ്ര സർക്കാരിന്റെ നയത്തിൽ തിരുത്തൽ ഉണ്ടാകണം എന്ന് തന്നെയാണ് നമ്മൾ ആഗ്രഹിക്കുന്നത്. സഭയ ഇല്ലായ്മ ചെയ്യാൻ അവരൊക്കെ എന്ത് ശ്രമിച്ചാലും നടക്കില്ല. സഭയെ കുറേ വിഷമിപ്പിക്കാം, ബുദ്ധിമുട്ടിക്കാം എന്നൊക്കെയേ ഉള്ളൂ. അതല്ലാതെ സഭയെ ഇല്ലായ്മ ചെയ്യാൻ ആർക്കും പറ്റില്ല. വിദേശ സംഭാവനകൾ ബ്ലോക്ക് ചെയ്താൽ അതനുസരിച്ച് സഭയുടെ മിഷൻ പ്രവർത്തനങ്ങൾ കുറേ തടസ്സപ്പെടും. കാരണം കാലങ്ങളായി സഭ ആതുരസേവന, മിഷൻ പ്രവർത്തന, വിദ്യാഭ്യാസ സാമൂഹ്യ സേവന രംഗങ്ങളിലും മാനസിക, ശാരീരിക വൈകല്യം നേരിടുന്നവരുടെ ക്ഷേമത്തിനും ഒക്കെയാണ് ഈ സംഭാവന ഉപയോഗിക്കുന്നത്. അത് മുന്നോട്ടുകൊണ്ടുപോകാൻ പറ്റില്ല എന്ന് പറയുന്നത് സഭയുടെ പ്രവർത്തനങ്ങളെ കൂച്ചുവിലങ്ങ് ഇടുന്ന രീതിയാണ്. അത് ഒരിക്കലും ആശാസ്യമല്ല. അതുകൊണ്ട് ഈ ബില്ല് പുന പരിശോധിക്കണം എന്നാണ് സഭയുടെ ആവശ്യം -അദ്ദേഹം പറഞ്ഞു. എഫ്സിആർഎ വിഷയത്തിൽ ക്രൈസ്തവ സഭകളുടെ ആശങ്കകൾ കഴിഞ്ഞ ദിവസങ്ങളിൽ പങ്കുവെച്ചിരുന്നു. ചങ്ങനാശ്ശേരി രൂപത ആർച്ച്ബിഷപ്പ് മാർ തോമസ് തറയിൽ ഇന്നലെ കേന്ദ്രസർക്കാരിനെതിരെ കടുത്ത പ്രതികരണം നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ഓർത്തഡോക്സ് സഭാ നേതൃത്വം ഇക്കാര്യത്തിൽ ആശങ്ക അറിയിച്ചിരിക്കുന്നത്. സഭയുടെ സാമൂഹിക പ്രവർത്തനങ്ങളെ അപ്പാടെ ബാധിക്കുന്ന തരത്തിലുള്ള നീക്കങ്ങളാണ് നിയമഭേദഗതിയിലൂടെ വരാൻ പോകുന്നത്. കേന്ദ്രസർക്കാർ ഈ നീക്കം പുനപ്പരിശോധിക്കണമെന്നുള്ള ആവശ്യമാണ് ഇവർ ഉന്നയിക്കുന്നത്. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖരനോട് അടക്കം ഇക്കാര്യത്തിൽ സഭാ നേതൃത്വം ആശങ്കകൾ അറിയിച്ചിട്ടുണ്ട്. അക്കാര്യത്തിൽ ഉചിതമായ തീരുമാനമോ ഇടപെടലോ ബിജെപി നേതൃത്വത്തിന്റെ ഭാഗത്തുനിന്നോ കേന്ദ്ര സർക്കാരിന്റെ ഭാഗത്ത് നിന്നോ ഉണ്ടാകുന്നില്ല എന്നും ഓർത്തഡോക്സ് സഭ അധ്യക്ഷൻ ചൂണ്ടിക്കാണിക്കുന്നു. കഴിഞ്ഞ ഒരു വർഷത്തിനിടെ എഫ്സിആർഎ നിയമവുമായി ബന്ധപ്പെട്ട് ഓർത്തഡോക്സ് സഭയുടെ മൂന്ന് അനുമതികൾ റദ്ദാക്കിയിരുന്നു. സ്തവ ന്യൂനപക്ഷ വിഭാഗങ്ങൾ ആശങ്കപ്പെടേണ്ട എന്ന് ബിജെപിയും കേന്ദ്ര നേതാക്കളും പറയുമ്പോഴും കടുത്ത ആശങ്ക ഉണർത്തുന്ന നീക്കങ്ങളാണ് സർക്കാർ നടപ്പാക്കുന്നത്. അതേസമയം, ഈ നിയമ ഭേദഗതി നിയമസഭ തെരഞ്ഞെടുപ്പിൽ തങ്ങൾക്ക് തിരിച്ചടിയാകും എന്ന ആശങ്കയിലാണ് ബി.ജെ.പി. കാഞ്ഞിരപ്പള്ളിയിൽ മത്സരിക്കുന്ന കേന്ദ്രമന്ത്രി ജോർജ് കുര്യൻ അടക്കമുള്ളവർക്ക് ഇത് പ്രഹരമാകും. ക്രൈസ്തവ വോട്ടുകൾ ആകർഷിക്കാൻ കൊണ്ടുപിടിച്ച ശ്രമം നടത്തുന്നതിനിടയിലാണിത്. തിരക്കിട്ട് ബിൽ പാസാക്കാൻ നടത്തുന്ന നീക്കം ഹിന്ദുത്വ അജണ്ടയാണെന്ന് കത്തോലിക്കാ സഭ വിമർശിച്ചിരിക്കുകയാണ്. ബില്ലിലെ അപകടങ്ങൾ ചൂണ്ടിക്കാട്ടി, കോൺഗ്രസ് രംഗത്തിറങ്ങിയതോടെ സംസ്ഥാനത്ത് പ്രധാന തെരഞ്ഞെടുപ്പ് വിഷയങ്ങളിലൊന്നായി ഇത് മാറിയിരിക്കുകയാണ്. എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ ഡൽഹിയിൽ മാധ്യമങ്ങൾക്ക് നൽകിയ പ്രസ്താവനയിൽ എഫ്.സി.ആർ.എ ഭേദഗതിക്കെതിരെ രൂക്ഷവിമർശനമാണുള്ളത്. ഇതിന് പിന്നാലെ ഡൽഹി ആർച്ച് ബിഷപ് അനിൽകൂട്ടോ കത്തോലിക്കാ സഭാ ആസ്ഥാനത്ത് വിഷയത്തിൽ വാർത്തസമ്മേളനം വിളിക്കുകയും ചെയ്തു. ബി.ജെ.പിയുടെ പ്രത്യയശാസ്ത്രത്തോട് യോജിക്കാത്തവരെ നിശ്ശബ്ദരാക്കി, അവരുടെ സ്ഥാപനങ്ങളുടെ ആസ്തികൾ പിടിച്ചെടുക്കാനുള്ള ആയുധമാണ് നിർദിഷ്ട ഭേദഗതിയെന്ന് വേണുഗോപാൽ അഭിപ്രായപ്പെട്ടു. എഫ്.സി.ആർ.എ അക്കൗണ്ടുകൾ സൂക്ഷ്മമായി നിരീക്ഷിക്കാനുള്ള സംവിധാനം നിലവിലുള്ളപ്പോൾ പുതിയ ഭേദഗതിയുമായി വരുന്നത് ആശങ്ക ഉളവാക്കുന്നതാണെന്ന് ചങ്ങനാശേരി ആർച്ച് ബിഷപ് തോമസ് തറയിൽ പറഞ്ഞു. പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങളും ആശുപത്രികളുമൊക്കെ വിദേശ സഹായത്തോടെ നിർമിച്ചതാണെന്ന കാര്യം രഹസ്യമല്ല. പൊടുന്നനെ ലൈസൻസുകൾ റദ്ദാക്കി അവ അധീനതയിലാക്കാൻ സർക്കാറിന് അധികാരം കൈവരുന്ന സ്ഥിതിയാണ് സംജാതമാകുന്നതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. കേരളം, തമിഴ്നാട്, പുതുച്ചേരി, അസം, പശ്ചിമ ബംഗാൾ എന്നീ സംസ്ഥാനങ്ങളിൽ നിന്നുള്ള എം.പിമാർ സഭയിൽ ഇല്ലാതിരുന്ന സമയത്ത് ബിൽ അവതരിപ്പിച്ചത് സംശയകരമാണെന്നും, നീക്കത്തിന് പിന്നിൽ ആർ.എസ്.എസിന്റെ സ്വാധീനമാണെന്നും കോട്ടയം എം.പി ഫ്രാൻസിസ് ജോർജ് ആരോപിച്ചു.





