ഭാര്യയില്ലാത്തപ്പോൾ കാമുകിയെ വിളിച്ചുവരുത്തി,തർക്കത്തിനൊടുവിൽ പ്രണയിനിയെ കൊന്ന് കഷണങ്ങളാക്കി ഫ്രിഡ്ജിൽ ഒളിപ്പിച്ചു; നേവി ഉദ്യോഗസ്ഥൻ പിടിയിൽ
വിശാഖപട്ടണം: പ്രണയിനിയെ വീട്ടിലേക്ക് വിളിച്ചുവരുത്തി കൊലപ്പെടുത്തിയ ശേഷം മൃതദേഹം കഷണങ്ങളാക്കി ഫ്രിഡ്ജിൽ ഒളിപ്പിച്ച കേസിൽ നേവി ഉദ്യോഗസ്ഥൻ പിടിയിൽ. വിശാഖപട്ടണത്തെ ഇന്ത്യൻ നേവൽ ഷിപ്പ് (ഐഎൻഎസ്) ദേഗയിൽ നിയമിതനായ 35 കാരനായ നാവിക ഉദ്യോഗസ്ഥൻ രവീന്ദ്രയാണ് കൊലപാതക കേസിൽ പിടിയിലായത്.കാമുകി പോളിപ്പള്ളി മൗനികയാണ് കൊല്ലപ്പെട്ടത്. ഭാര്യ സ്വന്തം വീട്ടിൽ പോയ സമയത്ത് രവീന്ദ്ര വിശാഖപട്ടണത്തുള്ള വസതിയിലേക്ക് മൗനികയെ വിളിച്ചുവരുത്തുകയായിരുന്നു. 2021 ൽ ഒരു ഡേറ്റിംഗ് ആപ്പ് വഴിയാണ് 29 കാരിയായ മൗനികയുമായി രവീന്ദ്ര പ്രണയത്തിലാകുന്നത്. ഇക്കാലയളവിൽ വിശാഖപട്ടണത്തെ വിവിധ സ്ഥലങ്ങളിൽ, പാർക്കുകൾ, തിയറ്ററുകൾ തുടങ്ങിയ സ്ഥലങ്ങളിൽ വച്ച് ഇടയ്ക്കിടെ കണ്ടുമുട്ടുകയും ചെയ്യുമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.രണ്ടാഴ്ച മുമ്പ്, രവീന്ദ്രന്റെ ഭാര്യ വിജയനഗരത്തിലുള്ള മാതാപിതാക്കളുടെ വീട്ടിലേക്ക് പോയി. കാമുകിയുമായി ചെലവഴിക്കാൻ യോജിച്ച സമയമെന്ന് മനസിലാക്കിയ രവീന്ദ്ര ഞായറാഴ്ച ഉച്ചക്ക് ശേഷം മൗനികയെ വീട്ടിലേക്ക് വിളിച്ചു. വൈകുന്നേരത്തോടെ ഇരുവരും തമ്മിൽ വഴക്കാവുകയും രവീന്ദ്ര മൗനികയെ കുത്തിക്കൊലപ്പെടുത്തുകയുമായിരുന്നു. തുടര്ന്ന് മൃതദേഹം കഷണങ്ങളാക്കി ബാഗുകളിലാക്കി വിജനമായ സ്ഥലത്ത് കൊണ്ടുപോയി നശിപ്പിച്ചു. ബാക്കിയുള്ള ഭാഗങ്ങൾ വീട്ടിലെ റഫ്രിജറേറ്ററിൽ സൂക്ഷിച്ചു.തുടര്ന്ന് രവീന്ദ്ര പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. തങ്ങളുടെ ബന്ധം ഭാര്യയോട് പറയുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി മൗനിക 3.5 ലക്ഷം രൂപ വാങ്ങിയെന്നും പ്രതി പറഞ്ഞു. രവീന്ദ്രയ്ക്ക് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടെന്ന സംശയമാണ് തർക്കത്തിന് കാരണമെന്നും മൗനിക ഇത് ചോദ്യം ചെയ്തതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നുമാണ് പ്രാഥമിക നിഗമനം.പൊലീസ് സംഭവസ്ഥലത്തെത്തി മൗനികയുടെ ശരീരഭാഗങ്ങൾ കണ്ടെത്തിയിട്ടുണ്ട്. എന്നാൽ മൗനികയുടെ തല അപ്രത്യക്ഷമായിരുന്നു. രവീന്ദ്ര അത് മറ്റൊരിടത്ത് ഉപേക്ഷിച്ചതായി പൊലീസ് സംശയിക്കുന്നു. കാണാതായ ശരീരഭാഗങ്ങൾക്കായി തിരച്ചിൽ നടത്തുന്നതിനായി ഒരു പ്രത്യേക പൊലീസ് സംഘം രൂപീകരിച്ചിട്ടുണ്ട്. കൊലപാതക കേസ് രജിസ്റ്റർ ചെയ്ത് കൂടുതൽ അന്വേഷണം നടന്നുവരികയാണ്.





