മകളെ പീഡിപ്പിച്ച് ഗർഭിണിയാക്കി; പിതാവിന് ജീവപര്യന്തം തടവും പിഴയും

കൽപ്പറ്റ: പ്രായപൂർത്തിയാവാത്ത സ്വന്തം മകളെ ലൈംഗികാതിക്രമത്തിന് ഇരയാക്കി ഗർഭിണിയാക്കിയ കേസിൽ പിതാവിന് മരണം വരെ തടവും കനത്ത പിഴയും ശിക്ഷ വിധിച്ചു. ഐ.പി.സി, പോക്സോ, ജുവനൈൽ ജസ്റ്റിസ് ആക്ടുകളിലെ വിവിധ വകുപ്പുകൾ പ്രകാരം കുറ്റക്കാരനാണെന്ന് കണ്ടെത്തിയ പ്രതിക്ക് ജീവപര്യന്തം തടവിന് പുറമെ 10 വർഷത്തെ അധിക തടവും 1,35,000 രൂപ പിഴയുമാണ് കോടതി വിധിച്ചത്. കൽപ്പറ്റ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജി കെ. കൃഷ്ണകുമാറാണ് വിധി പ്രസ്താവിച്ചത്.

2023-ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. പടിഞ്ഞാറത്തറ പോലീസ് സ്റ്റേഷൻ പരിധിയിൽ രജിസ്റ്റർ ചെയ്ത കേസിൽ അന്നത്തെ ഇൻസ്പെക്ടർ എസ്.എച്ച്.ഒ ആയിരുന്ന ആർ. ബിജു ആണ് അന്വേഷണം നടത്തിയത്. കൃത്യമായ തെളിവുകളും മൊഴികളും ശേഖരിച്ച് കുറ്റപത്രം സമർപ്പിച്ചതിനെത്തുടർന്നാണ് വിചാരണ പൂർത്തിയാക്കി കോടതി ശിക്ഷ വിധിച്ചത്.
നാടിനെ നടുക്കിയ ക്രൂരമായ ഈ കേസിൽ പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ജി. ബബിത ഹാജരായി. പിഴ തുകയടച്ചില്ലെങ്കിൽ അധിക തടവ് അനുഭവിക്കേണ്ടി വരും. ഇരയായ പെൺകുട്ടിക്ക് ആവശ്യമായ പുനരധിവാസ നടപടികളും നിയമം ഉറപ്പാക്കുന്നുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button