കോഴിക്കോട് ജില്ലയിൽ സ്വകാര്യ ആശുപത്രി നഴ്സുമാരുടെ സമരം ഒത്തുതീർപ്പായി
കോഴിക്കോട്: ജില്ലയിലെ സ്വകാര്യ ആശുപത്രി നഴ്സുമാരുടെ സമരം ഒത്തുതീർപ്പായി. മാനേജുമെൻ്റുകളുമായി നടത്തിയ ചർച്ചയിലാണ് ഒത്തുതീർപ്പായത്. ശമ്പളവർധനവടക്കം പരിഗണിക്കാമെന്ന് ഉറപ്പു ലഭിച്ചെന്നും നഴ്സുമാർ പറഞ്ഞു. ഇതോടെ ജില്ലയിലെ രാപ്പകൽ സമരം അവസാനിപ്പിച്ചു. ആറ് ആശുപത്രികളിൽ മാനേജുമെൻ്റുമായി നടത്തിയ ചർച്ച വിജയം. ബേബി മെമ്മോറിയൽ ആശുപത്രിയിൽ തുടക്ക ശമ്പളം 36000 രൂപയും മെയ്ത്രയിൽ ശമ്പളം 37000 രൂപയുമാക്കി. അതേസമയം സംസ്ഥാനത്ത് ഇനി സമരം ഒത്തുതീർപ്പാകാനുള്ളത് മൂന്ന് ആശുപത്രികളിൽ മാത്രമാണ്. വെള്ളിയാഴ്ച മുതലാണ് യുഎൻഎയുടെ നേതൃത്വത്തിൽ രാപ്പകൽ സമരം ആരംഭിച്ചത്. ഒരു മാസം മുമ്പ് ശമ്പളവർധന ആവശ്യപ്പെട്ടുകൊണ്ടുള്ള നഴ്സുമാരുടെ സമരം ഹൈക്കോടതി ഇടപെടലിനെ തുടർന്ന് നിർത്തിവെച്ചിരുന്നു. എന്നാൽ ശമ്പള വർധനത്തിൽ നടപടികൾ കൈകൊള്ളാത്തതുകൊണ്ട് സമരം പുനരാരംഭിക്കുകയായിരുന്നു.
40,000 രൂപ മിനിമം വേതനം ആവശ്യപ്പെട്ട് സ്വകാര്യ ആശുപത്രി നഴ്സുമാരുടെ സമ്പൂർണ പണിമുടക്ക് മാർച്ചിലാണ് തുടങ്ങിയത്.





