ഇറാനുമായുള്ള ഇടപാടുകൾ തീർത്തിട്ട് വേണം ക്യൂബയെ തീർക്കാൻ പോകാൻ’; ഭീഷണിയുമായി വീണ്ടും ട്രംപ്
‘
വാഷിങ്ടൺ: ഇറാനുമായുള്ള സംഘർഷം രൂക്ഷമാകുന്നതിനിടെ ക്യൂബക്കെതിരെയും ഭീഷണിയുമായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇറാനുമായുള്ള ഇടപാടുകൾ തീർത്തിട്ട് ക്യൂബയുടെ കാര്യം നോക്കണം എന്നാണ് ട്രംപിന്റെ ഏറ്റവും പുതിയ പരാമർശം. ഇറാനെപ്പോലെ ദീർഘകാലമായി യുഎസ് ഉപരോധത്തിന് കീഴിലുള്ള രാജ്യമാണ് ക്യൂബ.ഇറാൻ ഉപരോധം മറികടന്ന് 34 കപ്പലുകൾ ഇന്നലെ ഹോർമുസ് കടന്നുപോയെന്ന് ട്രംപ് പറഞ്ഞു. ഇപ്പോൾ ഏറ്റമുട്ടൽ നടക്കുന്നില്ല. ഉപരോധം മാത്രമാണുള്ളത്. ഒരു ബിസിനസും നടത്താൻ ഇറാന് കഴിയുന്നില്ല. ഹോർമുസ് അടച്ച് ഇറാൻ ലോകത്തെ വെല്ലുവിളിക്കുകയാണ്. ആണവ സമ്പുഷ്ടീകരണം നിർത്തിവെക്കാതെ ഇറാനുമായി ഒരു ചർച്ചക്കുമില്ലെന്നും ട്രംപ് പറഞ്ഞു.അതേസമയം ഹോർമുസ് കടലിടുക്കിൽ ഏതെങ്കിലും സൈനിക ഇടപെടൽ ഉണ്ടായാൽ അത് പ്രതിസന്ധി രൂക്ഷമാക്കുമെന്ന് ഇറാൻ പ്രതിരോധമന്ത്രാലയം മുന്നറിയിപ്പ് നൽകി. ആഗോള ഊർജ സുരക്ഷയിൽ അസ്ഥിരത സൃഷ്ടിക്കും. ഹോർമുസിലും ഒമാൻ സമുദ്രത്തിലും നടത്തുന്ന സൈനിക ഇടപെടലിൽ ട്രംപ് പരാജയപ്പെടുമെന്നും ഇറാൻ മുന്നറിയിപ്പ് നൽകി.





