ഇറ്റലിയിൽ രണ്ട് ഇന്ത്യക്കാരെ വെടിവച്ച് കൊലപ്പെടുത്തി
റോം: ഇറ്റലിയിൽ രണ്ട് ഇന്ത്യക്കാരെ വെടിവച്ച് കൊലപ്പെടുത്തി. ബെർഗാമോ പ്രവിശ്യയിലെ കോവോയിലാണ് സംഭവം. രജീന്ദർ സിങ് (48), ഗുർമീത് സിങ് (48) എന്നിവരാണ് കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച വൈശാഖി ആഘോഷത്തിന്റെ ഭാഗമായി ഒത്തുകൂടിയ ശേഷം മാതാ സാഹിബ് കൗർ ജി ഗുരുദ്വാരയിൽ നിന്ന് മടങ്ങുന്നതിനിടെ അക്രമി വെടിയുതിർക്കുകയായിരുന്നു.
ഇരുവർക്കും നേരെ നിരവധി തവണ വെടിയുതിർത്ത ശേഷം അക്രമി കാറിൽ രക്ഷപ്പെട്ടു. ആസൂത്രിത കൊലപാതകമാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. പെട്ടെന്നുണ്ടായ പ്രകോപനമല്ല ആക്രമണത്തിന് കാരണമെന്ന് പൊലീസ് പറയുന്നു.
കൊലയാളി ഒരു ഇന്ത്യൻ വംശജനാണെന്നും ഇയാൾ സ്ഥിരമായി ഗുരുദ്വാരയിൽ എത്താറുള്ള വ്യക്തിയാണെന്നും ദൃക്സാക്ഷികൾ മൊഴി നൽകി. ആക്രമണത്തിനിടെ മറ്റൊരാൾക്ക് നിസാര പരിക്കേറ്റിട്ടുണ്ട്. സംഭവത്തിൽ പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി.





