ലോറിയും ബസുമടക്കം എട്ടു വാഹനങ്ങളുടെ കൂട്ടിയിടി: അപകടം മലപ്പുറം ജില്ലയിലെ കുറ്റിപ്പുറം ദേശീയപാതയിൽ

കുറ്റിപ്പുറം: ദേശീയപാത കുറ്റിപ്പുറത്ത് റെയിൽവേ മേൽപ്പാലത്തിന് സമീപം വാഹനങ്ങളുടെ കൂട്ടയിടിച്ച് അപകടം. നിയന്ത്രണംവിട്ട ചരക്ക് ലോറിയുൾപ്പടെ ഒട്ടേറെ വാഹനങ്ങൾ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ഞായറാഴ്ച്ച വൈകീട്ട് 6.30നാണ് സംഭവം നടന്നത്. കോഴിക്കോട് ഭാഗത്തുനിന്നും ചരക്കുമായി എറണാംകുളത്തേക്ക് പോവുകയായിരുന്ന ലോറിയാണ് നിയന്ത്രണംവിട്ട് കൂട്ടിയിടിച്ചത്. ലോറി കാറുകളിൽ ഇടിച്ചതിന് ശേഷം ഡിവൈഡറിൽ ഇടിച്ച് നിൽക്കുകയായിരുന്നു. ഇതിനിടയിൽ പിന്നിൽനിന്നും വന്ന ഏതാനും വാഹനങ്ങളും കൂട്ടിയിടിച്ചു. ചരക്ക് ലോറിയെ കൂടാതെ ആറു കാറുകളും ഒരു ടൂറിസ്റ്റ് ബസുമാണ് അപകടത്തിൽപ്പെട്ടത്. അപകടത്തിൽ കാർ യാത്രക്കാരിക്ക് നിസാര പരിക്കേറ്റു. അവരെ കുറ്റിപ്പുറത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സ നൽകി. അപകടത്തെ തുടർന്ന് ദേശീയപാതയിൽ അരമണിക്കൂറോളം ഗതാഗത തടസ്സം നേരിട്ടു. കുറ്റിപ്പുറം പൊലീസും ഹൈവേ പൊലീസും ചേർന്നാണ് ഗതാഗതം പുനഃസ്ഥാപിച്ചത്. പേരാമ്പ്ര സ്വദേശിയായ ചരക്ക് ലോറി ഡ്രൈവർ മദ്യപിച്ചതായി ആരോപണമുയർന്നതിനെ തുടർന്ന് വൈദ്യ പരിശോധനക്കായി ഡ്രൈവറെ കുറ്റിപ്പുറം പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.




