കായംകുളത്തെ പീഡന പരാതി; പരാതിക്കാരിയുടെ രഹസ്യ മൊഴി രേഖപ്പെടുത്തി
കായംകുളം: കായംകുളത്ത് വാഹനാപകടത്തിൽപ്പെട്ട പെൺകുട്ടിയെ രക്ഷാപ്രവർത്തനത്തിനിടെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ പരാതിക്കാരിയായ യുവതിയുടെ രഹസ്യമൊഴി മാവേലിക്കര കോടതിയിൽ രേഖപ്പെടുത്തി. കായംകുളം ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് യുവതിയെ കോടതിയിൽ ഹാജരാക്കിയത്. രഹസ്യമൊഴി രേഖപ്പെടുത്തിയതോടെ കേസിൽ പ്രതിക്കെതിരെ കൂടുതൽ ശക്തമായ വകുപ്പുകൾ ചുമത്താനുള്ള സാധ്യത തെളിഞ്ഞിരിക്കുകയാണ്. വ്യാപാരി വ്യവസായി ഏകോപന സമിതി കായംകുളം യൂണിറ്റ് പ്രസിഡൻ്റ് സിനിൽ സവാദിനെതിരെയാണ് യുവതി പരാതി നൽകിയിരിക്കുന്നത്. വാഹനാപകടത്തിൽപ്പെട്ട തന്നെ സഹായിക്കാനെന്ന വ്യാജേന എത്തി പീഡിപ്പിക്കാൻ ശ്രമിച്ചു എന്നാണ് യുവതിയുടെ ആരോപണം. സംഭവത്തിൻ്റെ ആദ്യഘട്ടത്തിൽ കായംകുളം പൊലീസ് മൊഴി രേഖപ്പെടുത്താനോ വൈദ്യപരിശോധന നടത്താനോ തയ്യാറായില്ലെന്നും അന്വേഷണം അട്ടിമറിക്കാൻ ശ്രമിച്ചെന്നും യുവതിയും ബന്ധുക്കളും ആരോപിച്ചിരുന്നു.വിമർശനങ്ങൾ ശക്തമായതിനെത്തുടർന്നാണ് അന്വേഷണം കായംകുളം ഡിവൈഎസ്പിക്ക് കൈമാറിയത്. കഴിഞ്ഞ ദിവസം പരാതിക്കാരി സംസ്ഥാന പൊലീസ് മേധാവിയെ നേരിട്ട് കണ്ടിരുന്നു. ഇതിന് പിന്നാലെ കേസന്വേഷണം ഒരു വനിതാ ഉദ്യോഗസ്ഥയ്ക്ക് കൈമാറാൻ ഡിജിപി നിർദേശിച്ചു. ആലപ്പുഴ എസ്പിയുമായി ഡിജിപി ഇക്കാര്യം സംസാരിച്ചതായും വൈകാതെ തന്നെ അന്വേഷണ ഉദ്യോഗസ്ഥയെ നിശ്ചയിച്ച് ഉത്തരവിറങ്ങുമെന്നുമാണ് ലഭിക്കുന്ന വിവരം.





