ഇനി വാട്സ്ആപ്പ് കളറാകും! 20 ചാറ്റുകൾ വരെ പിൻ ചെയ്യാം; വരുന്നു വാട്സ്ആപ്പ് പ്ലസ് സബ്സ്ക്രിപ്ഷൻ
വാട്സ്ആപ്പിന്റെ കാലങ്ങളായുള്ള ‘ഫ്രീ’ മോഡലിൽ മാറ്റം വരുത്തി പുതിയ സബ്സ്ക്രിപ്ഷൻ രീതി അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് മെറ്റ. കൂടുതൽ വ്യക്തിഗതമായ മാറ്റങ്ങൾ ആഗ്രഹിക്കുന്ന പവർ യൂസേഴ്സിനെ ലക്ഷ്യം വെച്ചാണ് ‘വാട്സ്ആപ്പ് പ്ലസ്’ അവതരിപ്പിക്കുന്നത്. ഇതിലൂടെ കസ്റ്റം ആപ്പ് ഐക്കണുകൾ, പ്രത്യേക റിങ്ടോണുകൾ തുടങ്ങിയവ ഉപഭോക്താക്കൾക്ക് ലഭിക്കും. വാട്സ്ആപ്പ് പ്ലസ് പരീക്ഷണാടിസ്ഥാനത്തിൽ പ്രവർത്തനം ആരംഭിച്ചതായി കമ്പനി വക്താവ് ടെക് ക്രഞ്ചിനോട് സ്ഥിരീകരിച്ചു. ഐഫോൺ ഉപഭോക്താക്കൾക്ക് വൈകാതെ തന്നെ ഈ സേവനം ലഭ്യമാകും. നിലവിൽ മൂന്ന് ചാറ്റുകൾ മാത്രമേ പിൻ ചെയ്യാൻ സാധിക്കൂ എങ്കിൽ, പ്രീമിയം ഉപഭോക്താക്കൾക്ക് 20 ചാറ്റുകൾ വരെ പിൻ ചെയ്ത് വെക്കാം.18 വ്യത്യസ്ത നിറങ്ങളിൽ വാട്സ്ആപ്പിന്റെ ഇന്റർഫേസ് മാറ്റാൻ സാധിക്കും. റോയൽ പർപ്പിൾ, വൈബ്രന്റ് ബ്ലൂ, ഫോറസ്റ്റ് ഗ്രീൻ തുടങ്ങിയ നിറങ്ങൾ ഇതിലുണ്ട്. ഫോണിലെ വാട്സ്ആപ്പ് ഐക്കൺ മാറ്റാൻ 14 പുതിയ ഓപ്ഷനുകൾ ലഭിക്കും. കോസ്മിക് നെബുല, ക്ലേ ലുക്ക് തുടങ്ങിയ ഡിസൈനുകൾ ഇതിൽ ഉൾപ്പെടുന്നു. സബ്സ്ക്രിപ്ഷൻ ഉള്ളവർക്ക് മാത്രമായി ചില പ്രത്യേക ആനിമേറ്റഡ് സ്റ്റിക്കറുകൾ ലഭ്യമാകും. ഇവ ഉപയോഗിക്കുമ്പോൾ സ്ക്രീനിൽ ഫുൾ-സ്ക്രീൻ ഇഫക്റ്റുകൾ കാണാൻ സാധിക്കും. ഓരോ ചാറ്റ് ലിസ്റ്റുകൾക്കും മൊത്തമായി കസ്റ്റം തീമുകളും റിങ്ടോണുകളും സെറ്റ് ചെയ്യാൻ സാധിക്കും. പ്രീമിയം ഉപഭോക്താക്കൾക്കായി മാത്രമായി 10 പുതിയ റിങ്ടോണുകൾ ആപ്പ് നൽകും. നിലവിൽ ബിസിനസ്സ് അക്കൗണ്ടുകൾക്ക് മാത്രമായി ‘വാട്സ്ആപ്പ് പ്രീമിയം’ ഉണ്ടായിരുന്നു. എന്നാൽ പുതിയ ‘വാട്സ്ആപ്പ് പ്ലസ്’ സാധാരണ ഉപഭോക്താക്കൾക്കും വേണ്ടിയുള്ളതാണ്. വാട്സ്ആപ്പ് പ്ലസിന്റെ ഔദ്യോഗിക വില മെറ്റ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. എങ്കിലും ഇതൊരു കുറഞ്ഞ നിരക്കിലുള്ള പ്ലാൻ ആയിരിക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇന്ത്യയിലെ സബ്സ്ക്രിപ്ഷൻ തുക എത്രയായിരിക്കുമെന്ന കാര്യത്തിലും വരും ദിവസങ്ങളിൽ വ്യക്തത വരുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. നിലവിലുള്ള ഫ്രീ വേർഷൻ മാറ്റമില്ലാതെ തുടരും. എന്നാൽ ചാറ്റുകൾ കൂടുതൽ ക്രമീകരിക്കാനും ആപ്പിന്റെ ലുക്ക് മാറ്റാനും ആഗ്രഹിക്കുന്നവർക്ക് മാത്രമാണ് ഈ സബ്സ്ക്രിപ്ഷൻ. ടെലിഗ്രാം നേരത്തെ തന്നെ ഇത്തരത്തിൽ ഒരു പ്രീമിയം മോഡൽ അവതരിപ്പിച്ചിരുന്നു. അതിന് സമാനമായ നീക്കമാണ് മെറ്റയും നടത്തുന്നത്. പ്രീമിയം ഫീച്ചറുകൾ വരുമ്പോഴും സന്ദേശങ്ങൾക്കുള്ള ‘എൻഡ്-ടു-എൻഡ് എൻക്രിപ്ഷൻ’ സുരക്ഷയിൽ മാറ്റമുണ്ടാകില്ലെന്ന് മെറ്റ വ്യക്തമാക്കിയിട്ടുണ്ട്.





