സ്കൂളുകളിലെ പരിശീലനങ്ങൾ രാവിലെ 10.30 ന് അവസാനിപ്പിക്കണം : ബാലാവകാശ കമ്മിഷൻ
തിരുവനന്തപുരം : സംസ്ഥാനത്തെ എല്ലാ സ്കൂളുകളിലും ഏപ്രിൽ മെയ് മാസങ്ങളിൽ നടത്തുന്ന പരിശീലനങ്ങൾ രാവിലെ 10.30 ന് അവസാനിപ്പിക്കണമെന്ന് ബാലാവകാശ കമ്മിഷൻ ഉത്തരവായി. കുട്ടികളുടെ കളികൾ, എൻ സി സി, എസ്.പി.സി സ്കൗട്ട്സ് ആന്റ് ഗൈഡ്സ് പരേഡ്, പരിശീലനം, അസ്സംബ്ലി, വിനോദയാത്രകൾ തുടങ്ങിയവ പൂർണ്ണമായും ഒഴിവാക്കുന്നതിനാണ് കമ്മിഷൻ ചെയർപേഴ്സൺ കെ.വി.മനോജ്കുമാർ, അംഗങ്ങളായ ഷാജേഷ് ഭാസ്കർ, ഡോ.വിൽസൺ എന്നിവരുടെ ഫുൾബഞ്ച് ഉത്തരവായത്.
വിവിധ പരിശിലനങ്ങളിൽ പങ്കെടുക്കുന്ന കുട്ടികൾക്ക് സ്കൂൾ യൂണിഫോം ധരിക്കുന്നതിൽ താല്ക്കാലിക ഇളവ് നൽകി സൗകര്യപ്രദമായ വസ്ത്രം ധരിക്കുന്നതിനും അനുവദിക്കണം. പരിശീലനങ്ങൾ രാവിലെ മുതൽ വൈകിട്ട് വരെ നടത്തുന്നതും കുട്ടികളെ യൂണിഫോം ധരിപ്പിക്കുന്നതും കടുത്ത ബാലാവകാശ ലംഘനമായി കമ്മിഷൻ കാണുന്നു.
കനത്തചൂട് കുട്ടികളിൽ ദേഹാസ്വാസ്ഥ്യം, ക്ഷീണം, നിർജ്ജലീകരണം, തലചുറ്റൽ തുടങ്ങിയ പ്രശ്നങ്ങൾ ഉണ്ടാകാൻ കാരണമാകും. നിലവിലെ ചൂട് കുറയുന്നതുവരെ സ്കൂൾ യൂണിഫോം നിർബന്ധമാക്കരുത്. സൗകര്യപ്രദമായ വസ്ത്രം ധരിച്ച് പരിശീലനങ്ങളിൽ പങ്കെടുക്കുവാൻ അനുമതി നൽകണം എന്ന തിരുവനന്തപുരം, മലപ്പുറം സ്വദേശികളുടെ പരാതിയിന്മേലാണ് കമ്മിഷൻ ഉത്തരവ്.





