മന്ത്രി ജെ. ചിഞ്ചുറാണിയുടെ വാഹനം അപകടത്തില്‍പ്പെട്ടു; പരിക്കില്ലാതെ മന്ത്രി രക്ഷപ്പെട്ടത് തലനാരിഴയ്‌ക്ക്
തിരുവനന്തപുരം: കല്ലമ്പലം വെയിലൂരില്‍ മന്ത്രി ജെ. ചിഞ്ചുറാണി സഞ്ചരിച്ചിരുന്ന ഔദ്യോഗിക വാഹനം അപകടത്തില്‍പ്പെട്ടു. തിരുവനന്തപുരം ഭാഗത്തേക്ക് യാത്ര ചെയ്യുന്നതിനിടെയാണ് മന്ത്രിയുടെ വാഹനം മറ്റൊരു കാറുമായി കൂട്ടിയിടിച്ചത്. അപകടത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല. തിങ്കളാഴ്ച തിരുവനന്തപുരത്തേക്ക് പോവുകയായിരുന്നു മന്ത്രി. വെയിലൂരില്‍ എത്തിയപ്പോള്‍ മന്ത്രിയുടെ വാഹനത്തിന് തൊട്ടുമുന്‍പില്‍ സഞ്ചരിച്ചിരുന്ന കാര്‍ മറ്റൊരു വാഹനത്തില്‍ ഇടിച്ചു.ഇതേത്തുടര്‍ന്ന് മുന്‍പിലെ കാര്‍ പെട്ടെന്ന് ബ്രേക്ക് ഇട്ടതോടെ, പുറകിലുണ്ടായിരുന്ന മന്ത്രിയുടെ വാഹനം മുന്‍പിലെ വാഹനത്തിന്റെ പിന്നിലിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ മന്ത്രിയുടെ കാറിന്റെ ബോണറ്റിന് കേടുപാടുകള്‍ സംഭവിച്ചു. മന്ത്രിയും വാഹനത്തിലുണ്ടായിരുന്ന മറ്റുള്ളവരും പരിക്കുകളില്ലാതെ അത്ഭുതകരമായി രക്ഷപ്പെട്ടു.സംഭവസ്ഥലത്തെത്തിയ കല്ലമ്പലം പോലീസ് പ്രാഥമിക പരിശോധനകള്‍ നടത്തി. അപകടത്തെത്തുടര്‍ന്ന് പ്രദേശത്ത് അല്പസമയം ഗതാഗത തടസ്സം നേരിട്ടെങ്കിലും പോലീസ് ഉടന്‍ തന്നെ വാഹനങ്ങള്‍ നീക്കം ചെയ്ത് ഗതാഗതം പുനഃസ്ഥാപിച്ചു. നിയമപരമായ തുടര്‍ നടപടികള്‍ പോലീസ് സ്വീകരിച്ചു വരികയാണ്.





