ആദ്യമായി എയർ ആംബുലൻസിൽ ഹൃദയം എത്തിച്ച് നടത്തിയ ശസ്ത്രക്രിയയിലൂടെ പുതുജീവൻ നേടിയ മാത്യു അച്ചാടൻ അന്തരിച്ചു
തൃശൂർ: കേരളത്തിൽ 10 വര്‍ഷം മുമ്പ് ഹൃദയ മാറ്റ ശാസ്ത്രക്രിയയിലെ നാഴികക്കല്ലായി പുതുജീവൻ നേടി വാര്‍ത്തകളില്‍ ഇടംപിടിച്ച ചാലക്കുടി പരിയാരം സ്വദേശി മാത്യു അച്ചാടന്‍(57) അന്തരിച്ചു. 2015 ജൂലൈ 24ന് അദ്ദേഹത്തിന്റെ നാൽപത്തിയേഴാം വയസിലാണ് ഹൃദയം മാറ്റിവച്ചത്. ഓട്ടോഡ്രൈവറും ചുമട്ടുതൊഴിലാളിയുമായിരുന്നു. കേരളത്തിൽ ആദ്യമായി എയർ ആംബുലൻസിൽ ഹൃദയം എത്തിച്ച് നടത്തിയ ശസ്ത്രക്രിയയായിരുന്നു അദ്ദേഹത്തിന്റേത്.ശാരീരിക അസ്വസ്ഥതകളെത്തുടർന്ന് ഇന്ന് പുലർച്ചെയായിരുന്നു അന്ത്യം. മാത്യുവിന്, തന്റെ 47-ാം വയസ്സിൽ ഹൃദയസംബന്ധമായ ഗുരുതരമായ പ്രശ്നങ്ങൾ നേരിടേണ്ടി വന്നു. തുടർന്ന് കൊച്ചിയിലെ ലിസി ആശുപത്രിയിൽ പ്രവേശിപ്പിച്ച അദ്ദേഹത്തിന് ഹൃദയം മാറ്റിവെക്കലല്ലാതെ മറ്റൊരു വഴിയുമില്ലെന്ന് ഡോക്ടർമാർ വിധിയെഴുതുകയായിരുന്നു.പ്രശസ്ത ഹൃദ്രോഗ വിദഗ്ധൻ ഡോ ജോസ് ചാക്കോ പെരിയപ്പുറത്തിന്റെ നേതൃത്വത്തിലായിരുന്നു ശസ്ത്രക്രിയ. തിരുവനന്തപുരം സ്വദേശി നീലകണ്ഠ ശർമയുടെ ഹൃദയമാണ് സ്വീകരിച്ചത്. നാവികസേന ഹെലികോപ്റ്ററിലാണ് അന്ന് ഹൃദയം തിരുവനന്തപുരത്ത് നിന്നും കൊച്ചിയിൽ എത്തിച്ചത്. 2015 ജൂലൈ 24ന് തിരുവനന്തപുരം ശ്രീ ചിത്തിര തിരുനാൾ മെഡിക്കൽ സെന്ററിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന പാറശാല സ്വദേശി അഡ്വ. നീലകണ്ഠശർമക്കു മസ്തിഷ്ക മരണം സംഭവിക്കുകയായിരുന്നു.വെറും 35 മിനിറ്റുകൊണ്ട് വ്യോമമാർഗം ഹൃദയം കൊച്ചിയിൽ എത്തിച്ചതും മാത്യു അച്ചാടൻ പുതുജീവിതത്തിലേക്ക് തിരികെ വന്നതും വലിയ വാർത്താപ്രാധാന്യം നേടിയിരുന്നു.





