തൃശ്ശൂരില്‍ ഇടിമിന്നല്‍; പാടത്ത് കളിച്ചുകൊണ്ടിരുന്ന നാല് കുട്ടികള്‍ക്ക് പരിക്ക്
തൃശ്ശൂര്‍: വെങ്ങിണിശ്ശേരി കപ്പക്കാട്ട് പാടത്തിന് സമീപം കളിച്ചുകൊണ്ടിരുന്ന നാല് കുട്ടികള്‍ക്ക് ഇടിമിന്നലേറ്റു. ഇന്ന് വൈകുന്നേരത്തോടെ പെയ്ത കനത്ത മഴയ്ക്കിടയിലുണ്ടായ ശക്തമായ മിന്നലിലാണ് കുട്ടികള്‍ക്ക് പരിക്കേറ്റത്. ശിവകൃഷ്ണ, അക്ഷര, ജിഷ്ണു, ജിത്തു എന്നിവരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മിന്നലേറ്റ ഉടന്‍തന്നെ സമീപവാസികളും ബന്ധുക്കളും ചേര്‍ന്ന് കുട്ടികളെ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. പ്രാഥമിക പരിശോധനകള്‍ക്ക് ശേഷം കുട്ടികളുടെ പരിക്ക് ഗുരുതരമല്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.എങ്കിലും മിന്നലേറ്റ സാഹചര്യത്തില്‍ ആന്തരിക അവയവങ്ങള്‍ക്കും മറ്റും തകരാറുകള്‍ ഉണ്ടോ എന്ന് ഉറപ്പുവരുത്താന്‍ വിദഗ്ധ പരിശോധനകള്‍ നടന്നുവരികയാണ്. നിലവില്‍ ആരുടെയും ആരോഗ്യനിലയില്‍ ആശങ്കപ്പെടാനില്ലെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ വേനല്‍മഴ ശക്തമായതോടെ ഇടിമിന്നല്‍ അപകടങ്ങളും വര്‍ദ്ധിച്ചുവരികയാണ്. മഴക്കാറുള്ള സമയത്തോ മഴ പെയ്യുമ്പോഴോ തുറസ്സായ സ്ഥലങ്ങളിലും പാടങ്ങളിലും കുട്ടികളെ കളിക്കാന്‍ വിടരുതെന്ന് ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്കി.ഇടിയോട് കൂടിയ മഴയുള്ളപ്പോള്‍ മരങ്ങള്‍ക്കടിയിലോ പാടത്തോ നില്‍ക്കരുത്. ഇലക്ട്രോണിക് ഉപകരണങ്ങളുടെ ഉപയോഗം കുറയ്ക്കുകയും സ്വിച്ചുകള്‍ ഓഫ് ചെയ്യുകയും വേണം. കെട്ടിടങ്ങള്‍ക്കുള്ളില്‍ ജനലുകളില്‍ നിന്നും വാതിലുകളില്‍ നിന്നും മാറി നില്ക്കുക. കുട്ടികള്‍ അപകടത്തില്‍ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ടതിന്റെ ആശ്വാസത്തിലാണ് വെങ്ങിണിശ്ശേരി ഗ്രാമം. വരും ദിവസങ്ങളിലും ശക്തമായ മിന്നലിന് സാധ്യതയുള്ളതിനാല്‍ എല്ലാവരും ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ നിര്‍ദ്ദേശിച്ചു.





