പാമ്പു പ്രദർശനത്തിനിടെ മൂർഖനെ പാന്റിനുള്ളിൽ കയറ്റിവിട്ടു; കടിയേറ്റ് വിനോദസഞ്ചാരിക്ക് ദാരുണാന്ത്യം
കെയ്റോ : ഈജിപ്തിൽ കുടുംബത്തോടൊപ്പം അവധിക്കാലം ആഘോഷിക്കാനെത്തിയ ജർമൻ വിനോദസഞ്ചാരി പാമ്പുകടിയേറ്റു മരിച്ചു. ഹുർഘദയിലെ ഹോട്ടലിൽ നടന്ന പാമ്പു പ്രദർശനം കാണുന്നതിനിടെയാണ് 57കാരനായ സഞ്ചാരിക്ക് ദാരുണാന്ത്യം സംഭവിച്ചത്. പാമ്പുപിടുത്തക്കാരൻ പാമ്പിനെ വിനോദസഞ്ചാരിയുടെ പാന്റിനുള്ളിലേക്ക് ഇറക്കിവിട്ടതാണ് അപകടത്തിന് കാരണമായതെന്ന് ജർമൻ പൊലീസ് അറിയിച്ചു. ഏപ്രിൽ ആദ്യവാരം റെഡ് സീക്കടുത്ത വിനോദ സഞ്ചാര കേന്ദ്രത്തിലാണ് സംഭവം നടന്നത്. ‘സ്നേക്ക് ചാർമിങ് ഷോ’യ്ക്കിടെ കാണികളുടെ കഴുത്തിൽ പാമ്പുകളെ ചുറ്റുന്നത് പതിവായിരുന്നു. ഇതിനിടെ, കൈയിലുള്ള രണ്ടു മൂർഖൻ പാമ്പുകളിലൊന്നിനെ പാമ്പുപിടുത്തക്കാരൻ ജർമൻ സ്വദേശിയുടെ പാന്റിനുള്ളിലേക്ക് കയറ്റിവിടുകയായിരുന്നു. ഉടൻ തന്നെ പാമ്പ് ഇയാളുടെ കാലിൽ കടിച്ചു. അവശനായ ഇയാളെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ ജർമൻ പൊലീസും പ്രോസിക്യൂട്ടർമാരും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മൃതദേഹത്തിന്റെ ടോക്സിക്കോളജി പരിശോധനാ ഫലത്തിനായി കാത്തിരിക്കുകയാണ് അധികൃതർ. എന്നാൽ, ഇത്തരമൊരു സംഭവത്തെക്കുറിച്ച് തങ്ങൾക്ക് അറിവില്ലെന്നാണ് ഈജിപ്ഷ്യൻ അധികൃതർ ഔദ്യോഗികമായി പ്രതികരിച്ചത്.





