സിപിഎമ്മിൽ കസേര തെറിക്കുമോ? ഗോവിന്ദനെതിരെ പടയൊരുക്കം, ആഞ്ഞടിച്ച് പി. ജയരാജൻ
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിലേറ്റ കനത്ത പരാജയത്തിന്റെ പശ്ചാത്തലത്തിൽ പിണറായി വിജയനും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനുമെതിരെ പാർട്ടി യോഗങ്ങളിൽ വിമർശനം ഉയർന്നേക്കും. എം.വി ഗോവിന്ദൻ സ്ഥാനമൊഴിയണമെന്ന ആവശ്യംവരെ നേതൃയോഗങ്ങളിൽ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. ഉത്തരവാദിത്തത്തിൽ നിന്ന് പിണറായി വിജയൻ ഒഴിഞ്ഞുമാറാൻ കഴിയില്ലെന്ന നിലപാടുകാരും പാർട്ടിക്കുള്ളിലുണ്ട്. തിരുത്തലുകൾക്ക് നേതൃത്വം തയ്യാറാകണമെന്ന് പി.ജയരാജൻ ആവശ്യപ്പെട്ടു. എന്നാൽ, ജനവിധിയെ പരിഹസിക്കുന്നതായിരുന്നു പിബി അംഗം വിജയരാഘവന്റെ പ്രതികരണം. എൽഡിഎഫിനെ മാത്രമല്ല തങ്ങൾക്ക് കോൺഗ്രസിനെയും ജയിപ്പിക്കാൻ കഴിയുമെന്ന് നേതൃത്വത്തിന് മുന്നിലേക്ക് സിപിഎം അണികൾ കൂടി പറഞ്ഞ തെരഞ്ഞെടുപ്പാണ് കടന്നുപോയത്. ആഘാതത്തിൽ നിന്ന് കരകയറാൻ സിപിഎമ്മിന് കുറച്ചധികം സമയം എടുക്കും. തിരുത്തലുകൾക്ക് നേതൃത്വം തയ്യാറാകുമോയെന്നാണ് ഇനി അറിയേണ്ടത്. നാളെ സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ചേരുമ്പോൾ തെരഞ്ഞെടുപ്പ് വിലയിരുത്തലിനൊപ്പം വിമർശനങ്ങളും ഉണ്ടാകും. കണ്ണൂരിലെ പാർട്ടിയുടെ നെടുങ്കോട്ടകളെ ഇല്ലാതാക്കിയത് പി കെ ശ്യാമളയുടെ സ്ഥാനാർത്ഥിത്വം ആണ് എന്ന് വിമർശിക്കുന്നവർ നേതൃത്വത്തിൽ തന്നെയുണ്ട്. അത് യോഗങ്ങളിൽ ഉയർന്നു വരുമോ എന്ന് നാളെ അറിയാം. എം വി ഗോവിന്ദൻ സംസ്ഥാന സെക്രട്ടറി സ്ഥാനം ഒഴിയണമെന്ന് അഭിപ്രായം വരെ ഉയർന്നു വന്നേക്കാം. പിണറായി വിജയനെ മാത്രം കേന്ദ്രീകരിച്ചുള്ള പ്രചരണം തിരിച്ചടിച്ചു എന്ന് പറയാനുള്ള ധൈര്യം ആരെങ്കിലും കാണിക്കുമോ എന്നും കാത്തിരുന്നു കാണണം. തിരുത്തേണ്ട ചില കാര്യങ്ങൾ പാർട്ടിക്കുള്ളിൽ ഉണ്ടെന്ന പി. ജയരാജന്റെ ഫേസ്ബുക്ക് പോസ്റ്റ് ചില സൂചനകൾ നൽകുന്നുണ്ട്. കമ്മ്യൂണിസ്റ്റുകാർ പാർലമെൻററി രംഗത്തേക്ക് വരുമ്പോൾ ചില ജീർണകൾ ബാധിക്കുമെന്ന വാചകം മുഖ്യമന്ത്രിയെ കൂടി ലക്ഷ്യം വെച്ചാണ്. എന്നാൽ ജനവിധിയെ പരിഹസിക്കുകയാണ് സിപിഎം അംഗമായ എ. വിജയരാഘവൻ ചെയ്തത്. തിരുത്തലുകൾ അനിവാര്യമെങ്കിൽ തിരുത്തുമെന്നാണ് സിപിഐ നേതാവ് ആനി രാജയുടെ പ്രതികരണം. ഭരണവിരുദ്ധ വികാരമാണ് തോൽവിക്ക് കാരണമെന്ന് സിപിഐ മുഖപത്രമായ ജനയുഗം എഡിറ്റോറിയൽ എഴുതിയിരുന്നു. വിമതന്മാർ വലിയ വിജയം നേടിയത് സിപിഎമ്മിനെ ഇരുത്തിച്ചിന്തിപ്പിക്കണമെന്നും എഡിറ്റോറിയലിൽ പറയുന്നുണ്ട്.





