ഐസിസി ട്വന്റി 20 റാങ്കിങിൽ ഒന്നാം സ്ഥാനത്ത് ആധിപത്യം തുടർന്ന് ഇന്ത്യ
തിരുവനന്തപുരം : രാജ്യാന്തര ക്രിക്കറ്റ് കൗൺസിലിന്റെ (ICC) ഏറ്റവും പുതിയ ട്വന്റി20 റാങ്കിങിൽ ലോക ഒന്നാം നമ്പർ സ്ഥാനത്ത് ആധിപത്യം തുടർന്ന് ഇന്ത്യ. മാർച്ച് മാസത്തിൽ നടന്ന ട്വന്റി20 ലോകകപ്പിൽ ചരിത്ര വിജയത്തോടെ മൂന്നാം കിരീടം നേടിയതിന് പിന്നാലെയാണ് റാങ്കിങിലും ഇന്ത്യ കരുത്ത് തെളിയിച്ചത്. നിലവിൽ 275 റേറ്റിങ് പോയിന്റോടെയാണ് ഇന്ത്യ തലപ്പത്ത് തുടരുന്നത്. ഇംഗ്ലണ്ട് (262), ഓസ്ട്രേലിയ (258) എന്നിവരാണ് യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളിൽ.
2025 മെയ് മുതലുള്ള മത്സരങ്ങൾക്ക് പൂർണ്ണ വെയ്റ്റേജും അതിന് മുൻപുള്ള രണ്ട് വർഷത്തെ പ്രകടനങ്ങൾക്ക് 50 ശതമാനം വെയ്റ്റേജും നൽകിയാണ് പുതിയ പട്ടിക തയ്യാറാക്കിയത്. റാങ്കിങിലെ ആദ്യ ഏഴ് സ്ഥാനങ്ങളിൽ മാറ്റമില്ലെങ്കിലും ശ്രീലങ്കയ്ക്ക് തിരിച്ചടിയായി. ആറ് റേറ്റിങ് പോയിന്റുകൾ നഷ്ടമായ ശ്രീലങ്ക ഒൻപതാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടപ്പോൾ ബംഗ്ലാദേശ് എട്ടാം സ്ഥാനത്തേക്ക് ഉയർന്നു. അഫ്ഗാനിസ്ഥാനാണ് പത്താം സ്ഥാനത്ത്.
ക്രിക്കറ്റിലെ വളർന്നുവരുന്ന ശക്തിയായ അമേരിക്ക (USA) രണ്ട് സ്ഥാനങ്ങൾ മെച്ചപ്പെടുത്തി 13-ാം റാങ്കിലെത്തി. നെതർലൻഡ്സ്, സ്കോട്ട്ലൻഡ് എന്നീ ടീമുകളെ പിന്നിലാക്കിയാണ് അമേരിക്കയുടെ ഈ കുതിപ്പ്. അതേസമയം, മൂന്ന് വർഷത്തിനിടെ നിശ്ചിത എട്ട് മത്സരങ്ങൾ കളിക്കാത്തതിനാൽ ഫിജി, ഗാംബിയ, ഗ്രീസ്, ഇസ്രായേൽ എന്നീ രാജ്യങ്ങളെ റാങ്കിങ് പട്ടികയിൽ നിന്നും ഐസിസി ഒഴിവാക്കി. ഇതോടെ ടീമുകളുടെ എണ്ണം 102-ൽ നിന്ന് 98 ആയി കുറഞ്ഞു. സിംബാബ്വെ പതിനൊന്നാം സ്ഥാനത്തും അയർലൻഡ് പന്ത്രണ്ടാം സ്ഥാനത്തുമാണ്.





