നടിയെ ആക്രമിച്ച കേസ്; വിധി റദ്ദാക്കണമെന്ന് വടിവാൾ സലീമും പ്രദീപും കോടതിയിൽ
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ശിക്ഷിക്കപ്പെട്ട രണ്ട് പ്രതികൾ ഹൈക്കോടതിയെ സമീപിച്ചു . അഞ്ചാം പ്രതി വടിവാൾ സലീമും ആറാം പ്രതി പ്രദീപുമാണ് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി വിധി റദ്ദാക്കണം എന്ന ആവശ്യവുമായി ഹൈക്കോടതിയെ സമീപിച്ചത്.വിചാരണ കോടതി ശിക്ഷ വിധിച്ചത് മതിയായ തെളിവുകൾ ഇല്ലാതെയാണ് എന്നാണ് വാദം. ബലാത്സംഗത്തിന് ഒന്നാം പ്രതിയെ സഹായിച്ചിട്ടില്ല എന്നും ക്രിമിനൽ ഗൂഢാലോചനയിൽ പങ്കില്ലെന്നും ഹരജിയിൽ പറയുന്നു. ഹരജി ഡിവിഷൻ ബെഞ്ച് ഇന്ന് പരിഗണിച്ചേക്കും .അതേസമയം കേസിലെ എട്ടാം പ്രതി നടൻ ദിലീപിന്‍റെ പാസ്‌പോര്‍ട്ട് തിരിച്ചുനല്‍കും. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയുടേതാണ് തീരുമാനം. പുതിയ സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് വിദേശത്ത് പോകാനാണ് ദിലീപ് പാസ്‌പോര്‍ട്ട് ആവശ്യപ്പെട്ടത്. കുറ്റവിമുക്തനാക്കപ്പെട്ടതോടെ ജാമ്യബോണ്ടുകള്‍ അവസാനിച്ചെന്ന് കോടതി അറിയിച്ചു. ഇത് പരിഗണിച്ചാണ് കോടതിയുടെ തീരുമാനം.നടിയെ ആക്രമിച്ച കേസില്‍ ജാമ്യ വ്യവസ്ഥയുടെ ഭാഗമായാണ് പാസ്‌പോര്‍ട്ട് സറണ്ടര്‍ ചെയ്തിരുന്നത്. ഇത് ആവശ്യപ്പെട്ട് ദിലീപ് കഴിഞ്ഞ ആഴ്ച അപേക്ഷ നല്‍കിയിരുന്നു.





