എ.ഐ വീണ്ടും വില്ലനാകുന്നു; 30,000 ജീവനക്കാരെ പിരിച്ചുവിടാനൊരുങ്ങി ആമസോണ്‍
വാഷിങ്ടണ്‍: 30,000 ജീവനക്കാരെ പിരിച്ചുവിടാനൊരുങ്ങി ആമസോണ്‍. ഇതോടെ സ്ഥാപനത്തിലെ 10 ശതമാനം പേര്‍ക്ക് ജോലി നഷ്ടമാകും. 2022ന് ശേഷം ആമസോണിലുണ്ടാകുന്ന ഏറ്റവും വലിയ കൂട്ടപ്പിരിച്ചുവിടലാണിത്.
കൊവിഡ് കാലത്ത് ഇരുപത്തേഴായിരത്തോളം പേരെ ആമസേണ്‍ പിരിച്ചുവിട്ടിരുന്നു. പുതിയ നീക്കം എച്ച്.ആര്‍ ഓപ്പറേഷന്‍സ്, ഡിവൈസസ് എന്‍ഡ് സര്‍വീസസ്, ആമസോണ്‍ വെബ് സര്‍വീസസ് എന്നീ മേഖലയിലയെയാണ് ബാധിക്കുക. എ.ഐലേക്ക് കൂടുതല്‍ ശ്രദ്ധ നല്‍കാനാണ് പിരിച്ചുവിടലെന്നും റിപ്പോര്‍ട്ടുണ്ട്.
‘ഈ മാറ്റം എ.ഐയില്‍ പരിജ്ഞാനമുള്ളവര്‍ക്ക് ഞങ്ങളുടെ സങ്കേതികത വികസിപ്പിക്കാനും മെച്ചപ്പെടുത്താനും സഹായിക്കും. മാത്രമല്ല കമ്പനിയെ പുനര്‍നിര്‍മിക്കാന്‍ സഹായിക്കാനും കഴിയും,’ ആമസോണിന്റെ ചീഫ് എക്‌സിക്യൂട്ട് ഓഫീസര്‍ ആന്‍ഡി ജാസി ജീവനക്കാരോട് പറഞ്ഞു.
കമ്പനി തങ്ങളുടെ ഒന്നിലധികം ഡിവിഷനുകളിലെ ജീവനക്കാരുടെ 15 ശതമാനം വരെ വെട്ടിക്കുറയ്ക്കാന്‍ പദ്ധതിയിടുന്നതായും ഫോര്‍ച്യൂണ്‍ മാസികയുടെ റിപ്പോര്‍ട്ട് ചെയ്തു.
കഴിഞ്ഞ രണ്ട് വര്‍ഷക്കാലമായി കമ്മ്യൂണിക്കേഷന്‍, പോഡ്കാസ്റ്റിങ് എന്നിങ്ങനെ പല മേഖലയിലും നിരവധി ബിസിനസ് യൂണിറ്റിലും ജീവനക്കാരുടെ എണ്ണം ആമസോണ്‍ വെട്ടിച്ചുരുക്കിയെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു.
കോര്‍പ്പറേറ്റ് ജീവനക്കാരുടെ എണ്ണം കമ്പനി കുറയ്ക്കുന്നുണ്ടെങ്കിലും അവധിക്കാലത്ത് വര്‍ധിച്ചുവരുന്ന ആവശ്യം കൈകാര്യം ചെയ്യുന്നതിനായി 250,000 സീസണല്‍ തൊഴിലാളികളെ നിയമിക്കാനും ആമസോണ്‍ പദ്ധതിയിടുന്നതായി റിപ്പോര്‍ട്ടുണ്ട്.





