എയർ ഹോണുകൾക്ക് കടിഞ്ഞാൺ; ഹെഡ്ലൈറ്റുകൾ പഴയപടി
കൊല്ലം: വാഹനങ്ങളിലെ എയർ ഹോണുകളുടെ കാര്യത്തിൽ കർശന നടപടി തുടങ്ങിയ മോട്ടോർ വാഹന വകുപ്പിന് ഹെഡ്ലൈറ്റുകളുടെ കാര്യത്തിൽ മൗനം. അമിത പ്രകാശമുള്ള ഹെഡ്ലൈറ്റുകളുമായി നിരത്തിലോടുന്ന വാഹനങ്ങൾക്കെതിരെ ശക്തമായ നിയമമുണ്ടെങ്കിലും നടപടി വിരളം.പ്രകാശ തീവ്രത കൂടിയ ഹെഡ്ലൈറ്റ് ഘടിപ്പിച്ച് പിടിക്കപ്പെട്ടാൽ വാഹനത്തിന്റെ രജിസ്ട്രേഷൻ റദ്ദാക്കാനും ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്യാനും നിയമമുണ്ട്. എയർഹോണുകൾ പിടിച്ചെടുത്ത് റോഡിലിട്ട് വാഹനം കയറ്റി ചതച്ചരക്കാൻ നിർദേശിച്ച ഗതാഗത മന്ത്രി ഇക്കാര്യത്തിൽ നടപടിക്ക് മടിക്കുകയാണ്. രാത്രികളിലുണ്ടാകുന്ന വാഹനാപകടങ്ങളേറെയും ഹെഡ്ലൈറ്റിന്റെ പ്രകാശം കാരണമായി എതിർ ദിശയിൽനിന്ന് വരുന്ന വാഹനങ്ങൾക്ക് നിയന്ത്രണം തെറ്റുന്നതിനാലാണെന്ന് മോട്ടോർ വാഹന വകുപ്പ് അധികൃതരും പൊലീസും സമ്മതിച്ചിട്ടുള്ളതാണ്. എതിരെ വാഹനം വരുമ്പോൾ ലൈറ്റ് ഡിം ചെയ്യാത്തത് അപകട കാരണമാണ്. ചെറു വാഹനങ്ങളിൽ സഞ്ചരിക്കുന്നവർക്കാണ് ഇത് കൂടുതൽ പ്രശ്നം സൃഷ്ടിക്കുന്നത്. ഇറക്കുമതി ചെയ്യുന്ന തീവ്രതയുള്ള എച്ച്.ഐ.ഡി ലൈറ്റുകൾ ഉൾപ്പെടെ വാഹനങ്ങളിൽ വ്യാപകമായി ഉപയോഗിക്കുന്നുവെന്ന് അധികൃതർക്ക് അറിയാമെങ്കിലും പരിശോധിക്കാൻ സംവിധാനമില്ല. ഓഫ് റോഡ് മേഖലകളിലും റാലികളിലും ഓടുന്ന വാഹനങ്ങൾക്കായി പ്രത്യേകം തയാറാക്കിയ ഉയർന്ന പ്രകാശ തീവ്രതയുള്ള ലൈറ്റുകളാണ് പലരും റോഡിൽ ഉപയോഗിക്കുന്നത്. ഹെഡ്ലൈറ്റുകളുടെ പരമാവധി ശേഷി ഏഴ് വാട്ട് ആകണമെന്നും അതിന്റെ ഉയരം നിലത്തുനിന്ന് 1.5 മീറ്ററിൽ കൂടരുതെന്നും നിയമമുണ്ട്. വാഹനങ്ങളിൽ നീല ലൈറ്റുകൾ ഉപയോഗിക്കുന്നതിനും നിരോധനമുണ്ട്.
